ലഹോര്‍: ദൈവനിന്ദയുടെ പേരില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട ക്രിസ്ത്യന്‍ വീട്ടമ്മ ആസിയ ബീബിയെ വധിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാമെന്ന വാഗ്ദാനവുമായി ജമാഅത് പുരോഹിതന്‍ രംഗത്ത്. പെഷവാറിലെ മൊഹബത്ഖാന്‍ മസ്ജിദിലെ പുരോഹിതനായ മൗലാന യൂസഫ് ഖുറേഷിയാണ് തുകവാഗ്ദാനം ചെയ്തത്.

ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടിയുടെ റാലിയില്‍ സംസാരിക്കുമ്പോഴാണ് ഖുറേഷി പ്രഖ്യാപനം നടത്തിയത്. ആസിയയുടെ വധശിക്ഷ ഇളവുചെയ്യാനായി ശ്രമിക്കുന്ന പഞ്ചാബ് ഗവര്‍ണറെ ഖുറേഷി വിമര്‍ശിക്കുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം ആസിയയും അയല്‍ക്കാരായ മുസ്‌ലിം വനിതകളുമായി വഴക്കുണ്ടായത്. ലഹോറില്‍ നിന്നും 75 കി മീ അകലെയുള്ള നങ്കാനാ സാഹിബിലെ കിണറില്‍ നിന്നും വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ആസിയയെ ദൈവനിന്ദാകേസില്‍ 15 മാസം തടവുശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.

ഡൂള്‍ ന്യൂസ് എഡിറ്ററുടെ വിശദീകരണം

ആസിയാ ബീബിയെ വധിക്കുന്നതിന് ഇനാം പ്രഖ്യാപിച്ചത് സംബന്ധിച്ച് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പരിഭാഷപ്പെടുത്തി നല്‍കുകയാണ് ഡൂള്‍ന്യൂസ് ചെയ്തത്. ഞങ്ങള്‍ ആശ്രയിച്ച മാധ്യമങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് യൂസുഫ് ഖുറേഷി പ്രസ്താവന നടത്തിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെയ്‌ലി ടൈംസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ റിപ്പോര്‍ട്ട് കാണുക. http://www.hindustantimes.com/Pak-cleric-offers-reward-to-kill-Christian-woman/Article1-634227.aspx.

എന്നാല്‍ മറ്റ് പല മാധ്യമങ്ങളും അത്തരത്തിലല്ല റിപ്പോര്‍ട്ട് ചെയ്തതെന്ന് ഞങ്ങള്‍ക്ക് പരിശോധനയില്‍ വ്യക്തമായി. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്താതിരുന്നത് ഞങ്ങളുടെ വീഴ്ചയായി കാണുന്നു. അതിന് വായനാ സമൂഹത്തോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പ്രവാചകനെ ചീത്ത പറഞ്ഞുവെന്ന പേരില്‍ പാകിസ്ഥാനിലെ മതന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീയെ വധിക്കുന്നതിനെതിരെ അവിടെ വലിയ രൂപത്തിലുള്ള പ്രക്ഷോഭം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ നിലപാടെടുക്കുന്നവരെ ‘മതേതര നാട്യക്കാര്‍’ എന്ന് ആര്‍.എസ്.എസ് വിശേഷിപ്പിക്കുന്നത് പോലെ പാകിസ്ഥാനില്‍ ആസിയക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ പാക് ജമാഅത്തെ ഇസ്‌ലാമിയും കപട മതേതരക്കാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതെക്കുറിച്ച് ഡെയ്‌ലി ന്യൂസ് അനാലിസില്‍ വന്ന വാര്‍ത്ത കാണുക http://www.dnaindia.com/world/report_jud-linked-protesters-oppose-pardon-for-pakistani-christian_1471594

പാക് ജമാഅത്തെ ഇസ്‌ലാമിയെ തങ്ങളുടെ സഹോദര സംഘടനയായി തന്നെയാണോ കണക്കാക്കുന്നതെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വമാണ് വ്യക്തമാക്കേണ്ടത്. പാക് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള വാര്‍ത്തയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരപരാധിത്വം പറയേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല.

ഞങ്ങള്‍ക്ക് മതപരമായോ രാഷ്ട്രീയപരമായോ ഒരൊറ്റ സംഘടനകളോടും വിധേയത്വമോ വിരോധമോ ഇല്ല. വിവിധ സംഘടനകള്‍ ചെയ്യുന്ന മതേതര ജനപക്ഷ നിലപാടുകളെ ജനങ്ങളിലേക്കെത്തിക്കാന്‍ ഞങ്ങളുടെ പരിമിതിക്കകത്ത് നിന്ന് ശ്രമിക്കാറുമുണ്ട്.

ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ആക്രമണത്തിനിരയായ അധ്യാപകന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പോഷക സംഘടനയായ സോളിഡാരിറ്റിപ്രവര്‍ത്തകര്‍ രക്തം നല്‍കിയപ്പോള്‍ ആ വാര്‍ത്ത വലിയ പ്രാധാന്യത്തോടെയായിരുന്നു ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ആ വാര്‍ത്ത കാണുകhttp://www.doolnews.com/jamath-eslami-on-tg-joseph-issue.html .