എഡിറ്റര്‍
എഡിറ്റര്‍
രാജ്യദ്രോഹക്കുറ്റം: അസിം ത്രിവേദിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
എഡിറ്റര്‍
Tuesday 11th September 2012 12:18am

മുംബൈ: രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത പ്രമുഖ കാര്‍ട്ടൂണിസ്റ്റും അഴിമതിവിരുദ്ധ പ്രവര്‍ത്തകനുമായ അസിം ത്രിവേദിയെ ജയിലിലടച്ചു.

സെപ്റ്റംബര്‍ 16 വരെ പോലീസ്‌ കസ്റ്റഡിയില്‍ അയച്ച അസിമിനെ ഇന്നലെ മുംബൈ കോടതി 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

Ads By Google

ദേശീയ ചിഹ്നത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് അസിമിനെ അറസ്റ്റ് ചെയ്തത്. മുംബൈ പ്രാദേശിക കോടതിയാണ് അസിമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തുടര്‍ന്ന് അസിം ബാന്ദ്ര പോലീസില്‍ കീഴടങ്ങുകയായിരുന്നു.

‘ഗ്യാംങ് റേപ്പ് ഓഫ് മദര്‍ ഇന്ത്യ’ എന്ന അസിമിന്റെ കാര്‍ട്ടൂണാണ് വിവാദമായത്. കാര്‍ട്ടൂണില്‍ ത്രിവര്‍ണ സാരിയുടുത്തുനില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ചേര്‍ന്ന് ആക്രമിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു കാര്‍ട്ടൂണില്‍ അശോക ചക്രത്തിലെ സിംഹങ്ങള്‍ക്ക് പകരം കുറുക്കന്മാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റിനെ പബ്ലിക് ടോയ്‌ലറ്റായി ചിത്രീകരിച്ച കാര്‍ട്ടൂണും വിവാദമായിട്ടുണ്ട്.

അതിനിടെ, തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ അസിം ജാമ്യാപേക്ഷ നല്‍കാന്‍ വിസമ്മതിച്ചത് സര്‍ക്കാറിനെയും പോലീലീസിനെയും വെട്ടിലാക്കി. അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ നീക്കം.

തന്റെ പേരില്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പിന്‍വലിക്കാതെ ജാമ്യമെടുക്കില്ലെന്നും അസിം കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും 25കാരനായ അസിം കൂട്ടിച്ചേര്‍ത്തു. അസിമിന്റെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണെന്ന് അഴിമതിവിരുദ്ധ സംഘടനയായ അഴിമതിക്കെതിരെ ഇന്ത്യ അഭിപ്രായപ്പെട്ടു.

Advertisement