കൊച്ചി: ‘അസുരവിത്തി’ന്റെ ഷൂട്ടിംഗിനിടെ യുവതാരം ആസിഫ് അലിക്ക് പരിക്കേറ്റു. സംഘട്ടനരംഗത്തിനിടെ റോപ്പില്‍ നിന്നു വീണാണ് ആസിഫിന് പരിക്കേറ്റത്. ഡ്യൂപ്പ് വേണ്ടെന്ന ആസിഫ് അലിയുടെ തന്നെ നിര്‍ദേശമായിരുന്നത്രെ. റോപ്പില്‍ നിന്നും ചാടുമ്പോള്‍ ഇദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്ക് ചതവ് പറ്റിയിട്ടുണ്ട്.

ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനം നല്കിയ ‘വയലന്‍സ്’ എന്ന ചിത്രത്തിനു ശേഷം എ.കെ. സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുവ താര ചിത്രമാണ് അസുരവിത്ത്. പോലീസുദ്യോഗസ്ഥന്‍ ക്വട്ടേഷന്‍ നേതാവായ കഥയാണ് ‘വയലന്‍സി’ല്‍ പറഞ്ഞതെങ്കില്‍ ഒമ്പതുവര്‍ഷത്തിനുശേഷം വീണ്ടും അവിടെനിന്നു തന്നെ കഥ ആരംഭിക്കുകയാണ് അസുരവിത്തില്‍. കേരളമെന്നാല്‍ കൊച്ചിയായി മാറിയ പുതിയ സാഹചര്യത്തില്‍ ജനങ്ങളെയും നാടിനെയും ഭരിക്കുന്നവരുടെ മറ്റൊരു മുഖമാണ് അസുരവിത്തിന്റെ പ്രമേയം.

വില്ലിംഗ്ടണ്‍ ഐലന്റിലാണ് അവസാനഘട്ട ചിത്രീകരണം നടക്കുന്നത്. ആസിഫ് അലി തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധിക്ക്, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, അനില്‍ മുരളി, മന്‍രാജ്, ചാലിപാല, കലാശാല ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.