കറാച്ചി: ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പാക് പേസര്‍ മുഹമ്മദ് ആസിഫും മുഹമ്മദ് ആമിറും അപ്പീല്‍ നല്‍കി. ഐ സി സിയുടെ അഴിമതി വിരുദ്ധ സമിതിക്കാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. തങ്ങളുടെ അഭിഭാഷകര്‍ മുഖേനയാണ് ഇരുവരും അപ്പീല്‍ നല്‍കിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍ നേരിടുന്ന സല്‍മാന്‍ ബട്ട് മൂന്നുദിവസംമുമ്പേ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

തങ്ങളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും കേസില്‍ തങ്ങള്‍ക്ക് പറയാനുള്ളതുകൂടി പരിഗണിക്കണമെന്നും അപ്പീലില്‍ കളിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഒത്തുകളിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മൂവരെയും ഐ സി സി സസ്‌പെന്‍ഡ് ചെയ്തത്.