എഡിറ്റര്‍
എഡിറ്റര്‍
നയന്‍ വണ്‍ സിക്‌സ് കുടുംബത്തില്‍ ആസിഫ് അലി
എഡിറ്റര്‍
Saturday 2nd June 2012 4:31pm

കഥപറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം. മോഹനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നയന്‍ വണ്‍ സിക്‌സ്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനാകുന്നത്.

സമൂഹത്തില്‍ ഇന്ന് വളരെയധികം ചോദ്യം ചെയ്യപ്പെടുന്ന സാമൂഹ്യപ്രതിബദ്ധതയാണ് ചിത്രത്തിന്റെ ഉള്ളടക്കം. ആതുരസേവനം ജീവിത ചര്യയാക്കിയ ഡോക്ടര്‍ രവികുമാര്‍, രോഗികളുടെയും രോഗങ്ങളുടെയും എണ്ണം കുറഞ്ഞുകിട്ടാന്‍ പ്രാത്ഥിക്കുന്ന ഡോക്ടര്‍ രമേശ്, പ്രതിഷേധിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്ന തൊഴില്‍ അന്വേഷകന്‍ പ്രശാന്ത്, എന്നിവരിലൂടെയാണ് ഹൃദയബന്ധത്തിന്റെയും കുടുംബബന്ധത്തിന്റെയും കഥ എം. മോഹനന്‍ പറയുന്നത്.

ഡോക്ടര്‍ രവികുമാറായി അനൂപ് മേനോന്‍, ഡോക്ടര്‍ രമേശായി മുകേഷ്, പ്രശാന്തായി ആസിഫ് അലി എന്നിവരാണ് അഭിനയിക്കുന്നത്. സലിം കുമാര്‍, ബാബുരാജ്, ഇന്ദ്രന്‍സ്, ലക്ഷ്മി ഗോപാലസ്വാമി, ഡോക്ടര്‍ ചന്ദ്ര, മാളവിക മേനോന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ കെ. വി. വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എം. ജയചന്ദ്രനാണ്. ജൂണ്‍ 21 ന് കോഴിക്കോട്ട് ചിത്രീകരണം ആരംഭിക്കും.

 

Advertisement