തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 5ന്റെ ഫൈനല്‍ പോരാട്ടത്തില്‍ ചെന്നൈയില്‍ നിന്നുള്ള കല്‍പ്പന രാഘവേന്ദ്ര വിജയിയായി. കോഴിക്കോട് സ്വദേശിയായ മൃദുല രണ്ടാം സ്ഥാനവും തിരുവനന്തപുരം സ്വദേശിയായ ഇമ്മാനുവല്‍ മൂന്നാം സ്ഥാനവും പങ്കുവെച്ചു. ആലപ്പുഴയില്‍ നിന്നുള്ള ആന്റണിയും പാലക്കാട്ടുനിന്നുള്ള അഖിലും നാലും അഞ്ചും സ്ഥാനം യഥാക്രമം നേടി. ഗാനഗന്ധര്‍വ്വന്‍ പത്മശ്രീ കെ.ജെ യേശുദാസാണ് വിജയികളെ പ്രഖ്യാപിച്ചത്.

ഗ്രാന്‍ഡ് ഫിനാലെയില്‍ സ്റ്റാര്‍ സിംഗറായ കല്‍പ്പനക്ക് ഒന്നാം സമ്മാനമായി ഒരു കോടി രൂപയുടെ ഫ്‌ളാറ്റ് ലഭിക്കും. രണ്ടാം സ്ഥാനം മൃദുലക്ക് സമ്മാനമായി 15 ലക്ഷം രൂപയുടെ സ്വര്‍ണവും ലഭിക്കും. 7.5 ലക്ഷം രൂപയുടെ സ്വര്‍ണം മൂന്നാം സമ്മാനമായി ഇമ്മാനുവലിന് ലഭിക്കും. ആന്റണിക്ക് നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും, അഖിലിന് അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും.