Categories

ഹര്‍ഡില്‍സ് പുരുഷ-വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണം

ഗ്വാങ്ഷൂ:പതിനാറാമത് ഏഷ്യന്‍ ഗെയിംസിന്റെ അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ ഇന്ത്യക്ക് സ്വര്‍ണമഴ. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടി. പുരുഷവിഭാഗത്തില്‍ ജോസഫ് എബ്രഹാമും വനിതാവിഭാഗത്തില്‍ അശ്വനി ചിതാനന്ദയുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഒമ്പതായി ഉയര്‍ന്നു .

ഫോട്ടോഫിനിഷിലൂടെയാണ് ജോസഫ് എബ്രഹാം സ്വര്‍ണം നേടിയത്. 49.96 സെക്കന്റിലാണ് ജോസഫ് ഇന്ത്യയുടെ ഒമ്പതാം സ്വര്‍ണം നേടിയത്. മല്‍സരത്തിന് തൊട്ടുമുമ്പുവരെ ജോസഫ് എബ്രഹാമിന് സ്വര്‍ണപ്രതീക്ഷ കല്‍പ്പിച്ചിരുന്നില്ല.

പ്രീജ ശ്രീധരന് ശേഷം അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിനി. 56.16 സെക്കന്‍ഡിലാണ് അശ്വതി സ്വര്‍ണം നേടിയത്. നേരത്തേ 800 മീറ്ററില്‍ മലയാളിതാരം ടിന്റു ലൂക്ക വെങ്കലം നേടിയിരുന്നു.

800 മീറ്ററില്‍ തുടക്കത്തില്‍ മികച്ച വേഗതയില്‍ കുതിച്ച ടിന്റു കോമണ്‍വെല്‍ത്ത് ഗെയിംസിനെ അനുസമരിപ്പിക്കുന്ന രീതിയില്‍ പിറകോട്ടുപോവുകയായിരുന്നു. എങ്കിലും മികച്ച പ്രകടനമാണ് ടിന്റു നടത്തിയത്. ഖസാക്കിസ്താന്‍ താരം ഒന്നാമതും വിയറ്റ്‌നാം താരം രണ്ടാമതും ഫിനിഷ് ചെയ്തു.

ഏഷ്യന്‍ ഗെയിംസ് പോലുള്ള അന്താരാഷ്ട്ര മല്‍സരത്തില്‍ വെങ്കലം മാത്രമേ നേടാനായുള്ളു എങ്കിലും ടിന്റുവിന്റെ നേട്ടം മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നതായി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യലാപ്പില്‍ മികച്ച വേഗത്തോടെ ഓടിയ ടിന്റു ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുത്തുള്ള പരിചയം ടിന്റു ലൂക്കയ്ക്ക് തിരിച്ചടിയായി. 800 മീറ്ററില്‍ മല്‍സരിച്ച ഇന്ത്യയുടെ മറ്റൊരുതാരം സിനിമോള്‍ പൗലോസ് ഏഴാംസ്ഥാനത്താണ് എത്തിയത്. ഏഷ്യന്‍ ഗെയിംസ് 10,000 മീറ്ററില്‍ പ്രീജ ശ്രീധര്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

അതിനിടെ പരിചയക്കുറവ് ടിന്റുവിന് വിനയായെന്ന് കോച്ച് പി ടി ഉഷ പറഞ്ഞു. അവസാന 200 മീറ്ററില്‍ ടിന്റു മികച്ച രീതിയില്‍ ഓടിയാല്‍ മതിയായിരുന്നുവെന്നും വരുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ മികച്ചപ്രകടനം നടത്താന്‍ സാധിക്കുമെന്നും ഉഷ പ്രതീക്ഷ പ്രകടിപ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.