ദോഹ: ഏഷ്യന്‍ കപ്പില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഇന്ത്യന്‍ ടീമിന് ഇന്ന് ജയിച്ചേ മതിയാകൂ. കരുത്തരായ ബഹ്‌റൈന്‍ ആണ് ഇന്ത്യയുടെ എതിരാളികള്‍. ആസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ മല്‍സരത്തിലെ പ്രകടനം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ബഹ്‌റൈനെതിരേ ജയിക്കാന്‍ അതൊന്നും മതിയാകില്ല. രാത്രി 9.30 മുതലാണ് മല്‍സരം.

ആദ്യ മല്‍സരത്തില്‍ 4-0നായിരുന്നു ആസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. എന്നാല്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ഗോളി സുബ്രതോ പാലിന്റെ പ്രകടനത്തെ ഓസീസ് താരങ്ങള്‍ പോലും പുകഴ്ത്തിയിരുന്നു. സുബ്രതോയുടെ പ്രകടനമാണ് കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്.

എന്നാല്‍ കരുത്തരായ ദക്ഷിണകൊറിയയോട് പൊരുതിയാണ് ബഹ്‌റൈന്‍ തോറ്റത്. ഇരുടീമുകള്‍ക്കും നിലനില്‍പ്പിനായുള്ള മല്‍സരമായതിനാല്‍ പോരാട്ടം തീപാറുമെന്നുറപ്പ്.