ഓര്‍ദോസ്(ചൈന): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. രണ്ട് ഗോള്‍ വീതമടിച്ചാണ് ഇരു ടീമും സമനില പാലിച്ചത്. ഇന്ത്യക്കായി രവി പാലും ഡാനിഷ് മുജ്താബയും ലക്ഷ്യം കണ്ടപ്പോള്‍ മലേഷ്യക്കായി താജുദ്ദീന്‍ ജലിലും ആമിന്‍ റഹീമും ഗോള്‍ കണ്ടെത്തി.

മലേഷ്യക്കെതിരെ ജയിക്കുകയായിരുന്നെങ്കില്‍ ഇന്ത്യക്ക് ഫൈനലിന് യോഗ്യത നേടുമായിരുന്നു. ഇനി അവസാന മത്സരത്തില്‍ പാക്കിസ്താനെ പരാജയപ്പെടുത്തിയാലേ ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ കഴിയൂ.

നിലവില്‍ നാല് മത്സരങ്ങളില്‍ നിന്നായി രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയന്റാണ് ഇന്ത്യക്കുള്ളത്. നാല് പോയന്റ് മാത്രമുള്ള മലേഷ്യ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മലേഷ്യന്‍ പ്രതിരോധനിരക്ക് നിരന്തരം ഭീഷണി ഉയര്‍ത്തി. ഒന്‍പതാം മിനിറ്റില്‍ രവി പാല്‍ ഇന്ത്യക്കായി ആദ്യ ഗോള്‍ നേടി. എന്നാല്‍, 24ാം മിനിറ്റില്‍ താജുദ്ദീന്‍ ജലീലിലൂടെ മലേഷ്യ തിരിച്ചടിച്ചു.

രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ആമിന്‍ റഹീം മലേഷ്യക്കായി ലീഡ് നേടി. പിന്നീട് 52ാം മിനിറ്റില്‍ ഡാനിഷ് മുജ്താബയാണ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്. വെള്ളിയാഴ്ചയാണ് പാകിസ്താനുമായുള്ള ഇന്ത്യയുടെ അടുത്ത മത്സരം.