എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യാ കപ്പില്‍ പാക് വിജയമാഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം
എഡിറ്റര്‍
Friday 7th March 2014 9:00am

kashmiri-students

മീററ്റ്: ഏഷ്യാ കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ വിജയിച്ചതിനെ തുടര്‍ന്ന് ആഹ്ലാദ പ്രകടനം നടത്തിയ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.

സ്വാമി വിവേകാനന്ദ് സുഭാരതി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഞായറാഴ്ചയാണ് കളി ജയിച്ചതോടെ ഇവര്‍ ക്യാമ്പസില്‍ ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് നടപടി.

ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നു റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാണ് ആഭ്യന്തര വകുപ്പ് ഇത്തരത്തിലൊരു നടപടിയിലേയ്ക്ക് നീങ്ങിയത്.

അസ്വീകാര്യമായ പെരുമാറ്റങ്ങളും പാക് അനുകൂല മുദ്രാവാക്യങ്ങളുയര്‍ത്തിയുള്ള പ്രകടനവും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുമുണ്ടായിയെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം.

എന്നാല്‍ തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും കളിയില്‍ പാക്കിസ്ഥാന്‍ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ അവരെ അനുകൂലിച്ചുവെന്നതാണെന്നും ആരോപണം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഞങ്ങളെ തീവ്രവാദികളായി മുദ്ര കുത്തിയിരിയ്ക്കുകയാണ്. ഞങ്ങള്‍ക്കിനി നല്ലൊരു കരിയര്‍ ഉണ്ടാവുമെന്നു കരുതുന്നില്ല. ഞങ്ങളുടെ ഭാവി ഭദ്രമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്- വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം മൂലം കേന്ദ്രം പ്രത്യേകം ഇടപെട്ടതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിരിയ്ക്കുന്നത് എന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളിലും പ്രശ്‌നം ഏറെ ചൂടു പിടിയ്ക്കുകയാണ്.

Advertisement