ന്യൂദല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി പ്രശ്‌നം വീണ്ടും ശക്തമായി ഉയര്‍ത്താന്‍ പി എച്ച് പി തീരുമാനം. രാമജന്മഭൂമി നിര്‍മ്മാണത്തിന് പാര്‍ലിമെന്റില്‍ നിയമം കൊണ്ടുവരുന്നതിന് ഹിന്ദു സമൂഹം സംയുക്തമായി നീക്കം നടത്തണമെന്ന് പി എച്ച് പി ആവശ്യപ്പെട്ടു.

‘കോടതിക്ക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഇത് രാജ്യത്തെ നിരാശപ്പെടുത്തും’- പി എച്ച് പി നേതാവ് അശോക് സിംഗാള്‍ പറഞ്ഞു. രാമജന്മഭൂമിയുടെ പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ടായി. ഇനി പാര്‍ലിമെന്റ് നിയമം പാസാക്കുക മാത്രമാണ് ഏക വഴി. അത് പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും- അദ്ദേഹം പറഞ്ഞു.

‘പ്രദേശത്ത് വന്‍ തോതില്‍ ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും അവ നശിപ്പിക്കപ്പെട്ടതാണെന്നുമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഈ വര്‍ഷം സെപ്തംബറോടെ കേസില്‍ വിധി വരുമെന്നാണ് കണക്കാക്കുന്നത്. വിധി എന്തുമായിക്കോട്ടെ, സ്ഥലത്ത് ക്ഷേത്രം വരണമെന്നാണ് ഹിന്ദു വിഭാഗങ്ങളുടെ ആവശ്യം. മുസ്‌ലിം ജനവിഭാഗവും സമാധാനമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ആ മുസ്‌ലിം വിഭാഗങ്ങളെ ജിഹാദികള്‍ ഹൈജാക്ക് ചെയ്തിരിക്കയാണ്. അവര്‍ അക്രമത്തിലൂടെയാണ് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത്. ചര്‍ച്ചുകളും ഇതേ പാതയിലാണ് സഞ്ചരിക്കുന്നത്. ഇവര്‍ ജിഹാദി ക്രിസ്ത്യന്‍ ആണ്’ തൊഗാഡിയ പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബൈബിളും തോക്കും ഒരുമിച്ചാണ് നീങ്ങുന്നത്. ഹിന്ദുക്കള്‍ അക്രമം ഇഷ്ടപ്പെടുന്നില്ല. ക്ഷേത്ര വിഷയത്തില്‍ കഴിഞ്ഞ 60 വര്‍ഷമായി ഹിന്ദു വിഭാഗം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.