ചെന്നൈ: രാജ്യത്തെ ഹെവി വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരും ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ അശോക് ലെയ്‌ലന്‍ഡ് തങ്ങളുടെ ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനമായ ദോസ്ത് അവതരിപ്പിച്ചു. ജപ്പാന്‍ കമ്പനിയായ നിസാനുമായി സഹകരിച്ച് പുറത്തിറക്കിയ ദോസ്തിന് 3.79 രൂപ മുതല്‍ 4.39 ലക്ഷം രൂപ വരെയാണ് ചെന്നൈയിലെ എക്‌സ്‌ഷോറും വില

അശോക് ലെയ്‌ലാന്‍ഡിലെ എന്‍ജിനീയര്‍മാര്‍ സ്വന്തമായി വികസിപ്പിച്ച 55 ബിഎച്ച്പി, മൂന്നു സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിനോടു കൂടിയ ദോസ്തിന് 1.25 ടണ്‍ ഭാരം വഹിക്കാന്‍ കഴിയും. മുന്തിയ വേരിയന്റിന് പവര്‍സ്റ്റിയറിങ്, എസി, ഡ്യൂവല്‍ടോണ്‍ ഇന്റീരിയല്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകതകള്‍.

മൂന്നു വേരിയന്റുകളുള്ള വാഹനം തുടക്കത്തില്‍ കേരളം ഉള്‍പ്പടെ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭ്യമാവും. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനനിര്‍മാണം ലക്ഷ്യമാക്കി 2007 ഒക്‌ടോബറിലാണ് അശോക് ലെയ്‌ലാന്‍ഡ് നിസാന്‍ വെഹിക്കിള്‍സ് രൂപംകൊണ്ടത്. ഇരുകമ്പനികള്‍ക്കും തുല്യപങ്കാളിത്തമുള്ള സംരംഭത്തിന് 2,300 കോടി രൂപയാണ് മുതല്‍ മുടക്ക്.

വാഹനത്തിന്റെ വില്‍പനക്കായി പുതുതായി 37 ഡീലര്‍ഷിപ്പ് ഷോറൂമുകള്‍ കമ്പനി സ്ഥാപിച്ചു കഴിഞ്ഞു. 2012 ഓടെ ഇത് അറുപതാക്കി ഉയര്‍ത്താനാണ് കമ്പനിയുടെ ലക്ഷ്യം.