മുംബൈ: ആദര്‍ശ് ഹൗസിങ് സൊസൈറ്റി ഫഌറ്റുകള്‍ ബന്ധുക്കള്‍ക്ക് നല്‍കി എന്ന ആരോപണത്തെ കുറിച്ച് വിശദീകരണം നല്‍കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. അഴിമതിയില്‍ ചവാന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍ തന്നെ രാജി ആവശ്യപ്പെടുമെന്നാണ് സൂചന.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍ക്കായി മഹാരാഷ്ട്രയിലെ കൊളാമ്പിയില്‍ സൈന്യത്തിന്റെ സ്ഥലത്ത് നിര്‍മിച്ച ഹൗസിംഗ് സൊസൈറ്റി ഫഌറ്റുകളാണ് ചവാന്‍ ബന്ധുക്കള്‍ക്ക് നല്‍കിയത്. സൈന്യം ഈ സ്ഥലത്ത് ആറ് നില കെട്ടിടം പണിയാനിരിക്കെയാണ് സ്ഥലം ഹൗസിംഗ് സൊസൈറ്റിക്ക് നല്‍കിയത്. ഇവിടെയാണ് 31 നിലയുള്ള ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി നിര്‍മിച്ചത്.

2002 ല്‍ റവന്യൂ മന്ത്രിയായിരിക്കെ, സൈന്യവുമായി ബന്ധമില്ലാത്ത ചവാന്‍ ഫഌറ്റ് തന്റെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ആദര്‍ശ് സൊസൈറ്റി അഴിമതിയെ കുറിച്ച് സൈന്യവും അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.