എഡിറ്റര്‍
എഡിറ്റര്‍
അശോക് അഗര്‍വാള്‍ ആം ആദ്മിയില്‍ നിന്ന് രാജിവെച്ചു
എഡിറ്റര്‍
Tuesday 11th March 2014 11:25pm

ashok-agarwal

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം അശോക് അഗര്‍വാള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിക്ക് ദിശാബോധം നഷ്ട്ടപ്പെട്ടിരിക്കുന്നെന്നും സ്വകാര്യ കമ്പനി പോലെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് അശോക് അഗര്‍വാള്‍ രാജിവെച്ചത്.

തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്കുവേണ്ടി മത്സരിക്കാന്‍ ടിക്കറ്റു നല്‍കുന്നത് ഉന്നതര്‍ക്കാണെന്നും സാധാരണക്കാര്‍ തഴയപ്പെടുകയാണെന്നും അശോക് അഗര്‍വാള്‍ അരവിന്ദ് കെജ്‌രിവാളിനു നല്‍കിയ രാജി കത്തില്‍ പറയുന്നുണ്ട്.

അതേസമയം ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനൊപ്പം നാഗ്പൂരിലെ പ്രമുഖ ഹോട്ടലില്‍ അത്താഴം കഴിക്കാന്‍ 10,000 രൂപയുടെ പദ്ധതിയുമായി പാര്‍ട്ടി രംഗത്തെത്തി. നാഗ്പൂരില്‍ നടക്കുന്ന കെജ്‌രിവാളിന്റെ പ്രചാരണ പരിപാടികളോടനുബന്ധിച്ച് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കുന്നതിനാണ് ഈ മാസം 13 ന് നാഗ്പൂരിലെ സ്റ്റാര്‍ ഹോട്ടലില്‍ അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നത്.

എ.എ.പിക്കുവേണ്ടി നാഗ്പൂര്‍ സീറ്റില്‍ മത്സരിക്കുന്ന അഞ്ജലി ദമാനിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിനുവേണ്ടിയാണ് ഇങ്ങനെയൊരു പരിപാടി പാര്‍ട്ടി ഒരുക്കിയിരിക്കുന്നതെന്നാണ് പാര്‍ട്ടി വിശദീകരിക്കുന്നത്.

മാര്‍ച്ച് 15 ന് ബാംഗ്ലൂരിലും കെജ്‌രിവാളിനൊപ്പം അത്താഴത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി ഫണ്ട് ശേഖരണ പദ്ധതി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ബാംഗളൂരില്‍ 20,000 രൂപയാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement