Categories

ആശിഷ്: ജിംനാസ്റ്റിക്‌സിലെ ഇന്ത്യന്‍ അല്‍ഭുതം

ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോരുത്തര്‍ക്കും ഓരോ നിയോഗങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ അലഹബാദ് നിവാസിയായ ആശിഷ് കുമാര്‍ എന്ന പത്തൊമ്പതുകാരന്റെ നിയോഗം ഏറെ വ്യത്യസ്തമായിരുന്നു. ചൈനയും കൊറിയയും ജപ്പാനും അടക്കിവാഴുന്ന ജിംനാസ്റ്റിക്‌സ് പിറ്റില്‍ ഇന്ത്യക്കുവേണ്ടി ചരിത്രനേട്ടം സ്വന്തമാക്കുക എന്നതായിരുന്നു ആശിഷിന്റെ നിയോഗം. ഗ്വാങ്ഷുവിലെ ജിംനാസ്റ്റിക്‌സ് മെഡല്‍ദാന വേദിയില്‍ മൂന്നാമനായി ആശിഷ് കയറി നിന്നപ്പോള്‍ ഇന്ത്യന്‍ കായികരംഗത്തിന് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമായി അത്.

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആശിഷിന്റെ വെങ്കലനേട്ടം. ജിംനാസ്റ്റിക്‌സ് ഫ്‌ളോര്‍ എക്‌സര്‍സൈസില്‍ മല്‍സരിക്കാനിറങ്ങുമ്പോള്‍ മെഡല്‍ ആശിഷിന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. ആദ്യറൗണ്ടിലെ പ്രകടനവും അത്ര മെച്ചമായിരുന്നില്ല. ആദ്യറൗണ്ടില്‍ വെറും 6.03 പോയിന്റ് മാത്രമായിരുന്നു താരം നേടിയത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവസാനറൗണ്ടില്‍ ആശിഷ് കുതിച്ചുകയറുകയും വെങ്കലം സ്വന്തമാക്കുകയുമായിരുന്നു.

ഒഴുക്കിനെതിരേ നീന്തിയാണ് ആശിഷ് ഏഷ്യന്‍ ഗെയിംസിലെ ഒരിന്ത്യക്കാരന്റെ ആദ്യമെഡല്‍ നേടുന്നത്. ഇന്ത്യയുടെറഷ്യക്കാരനായ ജിംനാസ്റ്റിക്‌സ് കോച്ച് ടീമിനോട് തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് ഒറ്റക്കായിരുന്നു ആശിഷിന്റെ പരിശീലനം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ കണ്ടാണ് ആശിഷ് മല്‍സരത്തിനുള്ള തയ്യാറെടുപ്പ് നടത്തിയത്.

വലിയ കായികപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബമാണ് ആശിഷിന്റേത്. ചെറുപ്പത്തിലേ ജിംനേഷ്യത്തില്‍ പോയിത്തുടങ്ങിയ ആശിഷ് കിംനാസ്റ്റിക്‌സിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഒടുവില്‍ ഒരു നിയോഗം പോലെ ആശിഷ് ഇന്ത്യന്‍ ജിംനാസ്റ്റിക്‌സിന്റെ ചരിത്രംതന്നെ തിരുത്തിയെഴുതി. കായികജീവിതത്തിന്റെ ആരംഭത്തില്‍തന്നെ മികച്ച പ്രകടനം നടത്തുന്ന ആശിഷില്‍ നിന്നും രാഷ്ട്രം ഇനിയും ഒരുപാട് നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.