എഡിറ്റര്‍
എഡിറ്റര്‍
ആഷിഖ് അബു വിളിക്കുന്നു ടാ, തടിയാ…
എഡിറ്റര്‍
Friday 28th September 2012 10:52am

സോള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബു വീണ്ടും എത്തുന്നു. പേരില്‍ തുടങ്ങുന്ന പുതുമ ആഷിഖ് തന്റെ മൂന്നാമത്തെ ചിത്രത്തിലും സൂക്ഷിച്ചിട്ടുണ്ട. ടാ, തടിയാ എന്നാണ് ചിത്രത്തിന്റെ പേര്. പേര് പോലെത്തന്നെ തടിയന്മാരെ കുറിച്ചുള്ള സിനിമയാണിത്.

Ads By Google

കൊച്ചിയിലെ പ്രശസ്ത ഡി.ജെ ആയ ശേഖറാണ് ചിത്രത്തില്‍ തടിയനായി എത്തുന്നത്. 22 ഫീമെയിലിലൂടെ ശ്രദ്ധേയനായ ശ്രീനാഥ് ബാസിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലൂക് എന്ന കഥാപാത്രത്തെയാണ് ശേഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കൊച്ചിയിലെ പ്രമുഖ രാഷ്ട്രീയ-തടിയന്‍ കുടുംബത്തിലെ അംഗമാണ് ലൂക്. എന്‍.എല്‍. ബാലകൃഷ്ണന്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലൂക്കിന്റെ മുത്തച്ഛന്‍ പ്രകാശ് പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് എന്‍.എല്‍ ബാലകൃഷ്ണന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മണിയന്‍ പിള്ള രാജു ലൂക്കിന്റെ അച്ഛനായും എത്തുന്നു. ഇളയച്ഛന്‍ ഇടവേള ബാബു. എല്ലാവരും ഒന്നാന്തരം തടിയന്മാരും രാഷ്ട്രീയക്കാരും.

ആന്‍ അഗസ്റ്റിനാണ്(ആന്‍ മേരി) തടിയന്റെ നായികയായി എത്തുന്നത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ച് കളിച്ച് വളര്‍ന്ന ആനും ലൂക്കും പ്രണയത്തിലാവുകയും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. നിവിന്‍ പോളി, അരുന്ധതി നാഗ് എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

ആഷിഖ് അബു ടീമിലെ പ്രമുഖരെല്ലാം ഡാ തടിയനിലുമുണ്ട്. ദിലീപ് നായര്‍, ശ്യാം പുഷ്‌കരന്‍, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം ബിജിപാലാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ആഷിഖ് അബുവിന്റെ നിര്‍മാണക്കമ്പനിയായ ഓപ്പണ്‍ യുവര്‍ മൗത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.

Advertisement