പഴയകാല നടി സാധനയ്‌ക്കെതിരെ ഗായിക ആഷ ബോസ്‌ലെ നല്‍കിയ പരാതിയിന്‍മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തന്റെ ബംഗ്ലാവിലെ തോട്ടത്തിന്റെ നിയന്ത്രണം സാധന ഏറ്റെടുക്കുന്നുവെന്നും ഇത് കയ്യേറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ആഷ പരാതി നല്‍കിയത്. കഴിഞ്ഞ മാസമാണ് ആഷ ഇത് സംബന്ധിച്ച പരാതി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

ഖറിലെ സംഗീത ബംഗ്ലാവിന്റെ താഴത്തെ നിലയിലാണ് സാധന താമസിക്കുന്നത്. ആദ്യനിലയില്‍ ബില്‍ഡര്‍ യൂസഫ് ലക്ക്ഡാവാലയും മൂന്നാം നിലയില്‍ നടി ബേബി നാസുമാണ് താമസിക്കുന്നത്. ആഷ ബോസ്‌ലെയുടെ പേരിലുള്ള ബംഗ്ലാവാണിത്. ഈ ബംഗ്ലാവിലെ പൂന്തോട്ടത്തില്‍  സമയം ചിലവഴിക്കാന്‍ മറ്റുള്ളവരെ സാധന അനുവദിക്കുന്നില്ലെന്നാണ് ആഷയുടെ പരാതി.

‘ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വാടകക്കാരി മാത്രമായിരുന്നിട്ടും പൂന്തോട്ടത്തിന്റെ കാര്യത്തില്‍ അവര്‍ ഉടമസ്ഥത അവകാശപ്പെടുകയാണ്.’ ആഷ പരാതിയില്‍ പറയുന്നു.

ആഷയുടെ പരാതിയിന്‍മേല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന്  ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രതാപ് ദിഖാവ്കര്‍ പറഞ്ഞു. അന്വേഷണം പുരോഗതി പരിശോധിച്ചശേഷമേ ഇത് സംബന്ധിച്ച മറ്റ് തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

ഇത് രണ്ടാം തവണയാണ് സംഗീത ബംഗ്ലാവ് വാര്‍ത്തകളില്‍ ഇടംതേടുന്നത്. 2010ല്‍ ബില്‍ഡര്‍ ലക്ക്ഡാവാലയ്‌ക്കെതിരെ സാധന പരാതി നല്‍കിയതിലൂടെയാണ് കെട്ടിടം വാര്‍ത്തകളില്‍ ഇടംതേടിയത്. കെട്ടിടം വികസിപ്പിക്കുന്നതിനായി താഴത്തെ നില ഒഴിയാന്‍ ലക്ക്ഡാവാല തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാരോപിച്ചായിരുന്നു പരാതി. ഇതേ തുടര്‍ന്ന് പോലീസ് ലക്ക്ഡാവാലയെ അറസ്റ്റു ചെയ്യുകയും പിന്നീട് അദ്ദേഹം നടിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുകയും ചെയ്തിരുന്നു.

Malayalam news

Kerala news in English