swami-aseemanandaജയ്പൂര്‍: അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജയ്പൂരിലെ സി.ബി.ഐ കോടതിയാണ് കേസിലെ പ്രധാന പ്രതികളിലൊരാളായ അസീമാനന്ദയുടെ ജാമ്യാപേക്ഷ തള്ളിയത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

താന്‍ 90ദിവസത്തിലധികമായി പോലീസ് കസ്റ്റഡിയിലാണെന്നും തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അസീമാനന്ദ ജാമ്യാപേക്ഷ നല്‍കിയത്. കുറ്റപത്രം സമര്‍പ്പിക്കാതെ ഒരാളെ 90ദിവസത്തിലധികം കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ അധികാരമില്ലെന്ന സി.ആര്‍.പി.സി സെക്ഷന്‍ 167(2) പ്രകാരമാണ് അപേക്ഷ നല്‍കിയത്.

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസുകളെ കൂടാതെ രാജ്യത്ത് നടന്ന നിരവധി സ്‌ഫോടനങ്ങളില്‍ അസീമാനന്ദയ്ക്ക് പങ്കുള്ളതായി ആരോപണങ്ങളുണ്ട്. ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനം, മലേഗാവ് സ്‌ഫോടനം എന്നിവയുമായി ബന്ധപ്പെട്ടും ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളുണ്ട്.

അസീമാനന്ദയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍.ഐ.എ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.