ന്യൂദല്‍ഹി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സ്വാമി അസീമാനന്ദയുള്‍പ്പടെ അഞ്ചുപേര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം നല്‍കി.

ഏജന്‍സിയുടെ പ്രത്യേക ജഡ്ജി കാഞ്ചന്‍ മാഹിയാണ് കുറ്റപത്രം നല്‍കിയത്. ഹിന്ദു ആക്ടിവിസ്റ്റായ സാധ്വി പ്രാഗ്യയെക്കുറിച്ചുള്ള അന്വേഷണവും നടന്നുവരികയാണെന്ന് മാഹി വ്യക്തമാക്കി.

അസീമാനന്ദയെക്കൂടാതെ ലോകേഷ് ശര്‍മ, സന്ദീപ് ദാഗേ, രാമചന്ദ്ര കലാശാഗ്ര, സുനില്‍ ജോഷി എന്നിവരെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ ലോകേഷ് ശര്‍മ നേരത്തെത്തന്നെ അറസ്റ്റിലായിരുന്നു. സുനില്‍ ജോഷി മരണപ്പെട്ടു. അവശേഷിക്കുന്നവരില്‍ സന്ദീപ് ദാഗേയും രാമചന്ദ്ര കലാശാഗ്രയും ഒളിവിലാണ്.

2007 ഫെബ്രുവരിയില്‍ 68 പേരുടെ മരണത്തിനിടയാക്കിയ പാനിപ്പത്തിലെ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് അസീമാനന്ദയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

നിരവധി പാക്കിസ്ഥാനികള്‍ കൊല്ലപ്പെട്ട സംഝോത സ്‌ഫോടനത്തില്‍ തനിക്ക് പങ്കില്ലെന്നും അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഹൈദരാബാദിലെ മക്ക മസ്ജിദ്, അജ്മീര്‍, മാലേഗാവ് സ്‌ഫോടനങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് കുറ്റസമ്മതം നടത്തിയതെന്നും ുന്‍ ആര്‍.എസ്.എസ് നേതാവും ഹിന്ദു തീവ്രവാദിയുമായ അസീമാനന്ദ കഴിഞ്ഞ മാസം കോടതിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബര്‍ 19 നാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍നിന്നും അസീമാനന്ദയെ അറസ്റ്റുചെയ്യുന്നത്. 2007 ലെ മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് തെളി്ഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അസീമാനന്ദയെ സി.ബി.ഐ അറസ്റ്റു ചെയ്തത്.