ജയ്പൂര്‍: അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന സ്വാമി അസീമാനന്ദ കൂറുമാറി.

അജ്‌മേര്‍, സംഝോത ട്രെയിന്‍, ഹൈദരാബാദ് മക്ക മസ്ജിദ്, മാലേഗാവ് സ്‌ഫോടനങ്ങളുടെ ആസൂത്രണത്തില്‍ താനടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ക്കു പങ്കുണ്ടായിരുന്നുവെന്നാണ് അസീമാനന്ദ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. എന്നാല്‍ ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നു നല്‍കിയതായിരുന്നുവെന്ന് അജ്‌മേര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അസീമാനന്ദ ബോധിപ്പിച്ചു. അസീമാനന്ദ നല്‍കിയ കുറ്റസമ്മത മൊഴിയെ അടിസ്ഥാനമാക്കിയാണു സംഝോത സ്‌ഫോടനക്കേസില്‍ അന്വേഷണം തുടരുകയാണെന്നു കഴിഞ്ഞ ദിവസം ഇന്ത്യ ഔദ്യോഗികമായി പാക്കിസ്ഥാനെ അറിയിച്ചത്.

Subscribe Us:

കുറ്റസമ്മതമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മാനസികമായും ശാരീരികമായും സമ്മര്‍ദം ചെലുത്തിയിരുന്നതായി അസീമാനന്ദ കോടതിയെ അറിയിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി മാറാന്‍ ഇവരുടെ ഭാഗത്തുനിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. കുറ്റസമ്മതത്തിനു തയ്യാറായില്ലെങ്കില്‍ വ്യാജകേസുകളില്‍ കുടുക്കുമെന്നും കുടുംബത്തെ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തി. മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് താന്‍ നേരത്തെ നല്‍കിയ ഹരജി തള്ളണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.