ലണ്ടന്‍ : അമേരിക്കന്‍ പ്രതിരോധ രഹസ്യങ്ങളുള്‍പ്പെടെ ലോകരാജ്യങ്ങളുടെ ആഭ്യന്തരരഹസ്യങ്ങള്‍ വെളിപ്പെടുത്തി ലോകശ്രദ്ധനേടിയ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ ഹര്‍ജി ബ്രിട്ടീഷ് സുപ്രീംകോടതി തള്ളി.

ലൈംഗികാപവാദക്കേസില്‍ പ്രതിയായ അസാന്‍ജെയെ വിചാരണക്കായി സ്വീഡനിലേക്ക് നാടുകടത്തണമെന്ന് വിധിച്ചിരുന്നു. ഇതിനെതിരെ അസാന്‍ജെ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. അസാന്‍ജെക്കെതിരായ അറസ്റ്റുവാറന്റ് നിലനില്‍ക്കാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇദ്ദേഹം നാടുകടത്തിനെതിരെ വിധിതേടുകയായിരുന്നു അസാന്‍ജെ .

എന്നാല്‍ 14 ദിവസത്തേക്ക് അസാന്‍ജെയെ നാടുകടത്തരുതെന്ന് കോടതി വിധിച്ചിരുന്നു. ഈ മാസം 28 ന് ഉത്തരവിന്റെ കാലാവധി അവസാനിക്കും.

പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയതിന് അമേരിക്കയുടെ നോട്ടപ്പുള്ളിയായ അസാന്‍ജെ, സ്വീഡനിലേക്കുള്ള നാടുകടത്തലിലൂടെ യു.എസ്സിന്റെ കയ്യില്‍ അകപ്പെടുമോയെന്നും കരുതുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.