Administrator
Administrator
പ്രതിഷേധത്തിന്റെ അപരിചിത ഇടങ്ങള്‍
Administrator
Saturday 6th March 2010 7:53am

നാട്ടകം / എ എസ് സുധീര്‍

വൈകുന്നേരത്തിന്റെ ചായക്കടമുറ്റത്താണ് ബഹളം. നഗ്നത വെളിപ്പെടുവോളം തന്റെ ഉടുമുണ്ടുയര്‍ത്തിക്കാട്ടി അശ്ലീലതാളത്തില്‍’ഇപ്പടി പോട്…പോട്…’എന്ന് ഉച്ചത്തില്‍ പാടുകയാണ് വൃദ്ധനായ ഒരു മനുഷ്യന്‍ . ചുറ്റും അട്ടഹസിച്ച് ചിരിക്കുന്ന കാഴ്ചകൂട്ടം. ഞാന്‍ കരുതി ഏതോ മദ്യപനായിരിക്കുമെന്ന്.
വൃദ്ധമായ അയാളുടെ നഗ്നത കണ്ട് അട്ടഹസിച്ച്  ചിരിക്കുന്ന കാഴ്ചക്കൂട്ടത്തെ നോക്കി അയാള്‍ വീണ്ടും പറഞ്ഞുതുടങ്ങി: ‘എപ്പടി പോടണോന്ന് തെരിയുമാ തമ്പീ…ഇപ്പടി താന്‍…’ഒപ്പം നഗ്നത മുഴുവന്‍ വെളിപ്പെടുത്തിക്കൊണ്ട് ഉയരുന്ന അയാളുടെ ഉടുമുണ്ടും. കാഴ്ചക്കാര്‍ തലയറഞ്ഞ് ചിരിക്കേ അയാള്‍ നിറഞ്ഞു പെയ്യാന്‍ തുടങ്ങി.

അയാളുടെ ഭാഷക്ക് പാട്ടുണ്ടായിരുന്നു; സിനിമയും. ചരിത്രത്തിന്റെ കരുത്തും ഇതിഹാസങ്ങളുടെ ദര്‍ശനസമൃദ്ധിയും നിറഞ്ഞവ… സ്വന്തം മണ്ണിന്റെ ദ്രാവിഢഗന്ധങ്ങളില്‍ ഊറ്റം കൊണ്ടവ…സ്‌ത്രൈണതയെ ദേവതുല്യം തോറ്റിപ്പാടിയവ… പ്രതിരോധത്തിന്റെയും സഹനത്തിന്റെയും കണ്ണീരും വിയര്‍പ്പും മണക്കുന്നവ… ഇങ്ങനെ അറിവിലും അലിവിലും തമിഴിന്റെ ബാല്യകൗമാരങ്ങളെ ജ്ഞാനസ്‌നാനം ചെയ്ത ഒട്ടേറെ സിനിമകള്‍ … അതിന്റെ ഗോത്രധന്യതകള്‍ പൂത്തുനില്‍ക്കുന്ന ഇടങ്ങളില്‍ നുഴഞ്ഞുകയറി നിന്ന് പെണ്ണൊരുത്തി ‘ഇപ്പടി പോട്…’എന്ന് ക്ഷണിച്ചാല്‍ മനസില്ലെന്ന് പറയുമെന്ന്, വീണ്ടുമാവര്‍ത്തിച്ചാല്‍ ചൂലെടുക്കുമെന്ന്…

ഇങ്ങനെയൊക്കെയാണയാള്‍ പറഞ്ഞത്. അയാളെക്കുറിച്ച് ഞാനെന്താണ് പറയുക? തെരുവിലെ ചൂല്‍വില്‍പനക്കാരനാണയാളെന്നുമാത്രം ഞാന്‍ ആദരവോടെ പറയട്ടെ.
ദ്രാവിഢതയുടെ ഗോത്രമുദ്രകള്‍ പേറുന്ന തന്റെ തമിഴ് ഗ്രാമത്തില്‍ നിന്നും പുല്‍ചൂലുകളുമായി കേരളത്തിന്റെ തെരുവുകള്‍ തോറും അലയുന്ന വൃദ്ധനും അപരിഷ്‌കൃതനുമായ ഒരു ഗ്രാമീണന്റെ, അപനിര്‍മിപ്പിക്കപ്പെടുന്ന സ്വന്തം ഗോത്രശുദ്ധികളെയോര്‍ത്തുള്ള പ്രതിഷേധമായിരുന്നു നാമവിടെക്കണ്ടത്. ഓരോ ജനക്കൂട്ടത്തിന്റെയും ഗോത്രപരമായ സാംസ്‌കാരിക സ്വത്വങ്ങളെ അപനിര്‍മ്മിച്ചുകൊണ്ട് ആസക്തിയെടേതുമാത്രമായ ഒരു സംസ്‌കാരം ആഗോളതലത്തില്‍ രൂപപ്പെടുത്താനുള്ള സാമ്രാജ്യത്വത്തിന്റെ ഇച്ഛകള്‍ പ്രതിരോധിക്കപ്പെടാതെ തുടരുമ്പോള്‍ , പ്രതിഷേധത്തിന്റെ അപരിചിതവും ഭ്രാന്തവുമായ വഴികള്‍ തേടുകയായിരുന്നു വൃദ്ധനായ ആ മനുഷ്യന്‍ . മൂല്യവിരുദ്ധമെന്ന് ഇന്നലെവരെ വിശ്വസിച്ചിരുന്നവയെ ജീവിതതത്തിന്റെ പുതുമൂല്യങ്ങളായി പുനരവതരിപ്പിക്കുന്ന സമകാലീനതയില്‍ പ്രതിഷേധത്തിന്റെ ഈ ധിക്കാരസ്വരത്തിന് വിശാലമായ അര്‍ത്ഥതലങ്ങളുണ്ട്. ആധുനിക വിദ്യാഭ്യസവും പരിഷ്‌കാരത്തിന്റെ ശാസ്ത്രഗതികളും സമ്മാനിച്ച അഹന്തയില്‍ , മനുഷ്യന്‍ നൂറ്റാണ്ടുകളുടെ ഉപാസനയിലുടെ ആര്‍ജിച്ചെടുത്ത , തലമുറകളിലൂടെ കൈമാറിക്കാത്ത, സ്വന്തം ഗോത്രവിവേകങ്ങള്‍ കൈവിടുന്ന സമകാലീനതയിലാണ് ദ്രാവിഢമായ തന്റെ ഗോത്രമുദ്രകളഴിയുന്നതോര്‍ത്ത് ഈ അപരിഷ്‌കൃത മനുഷ്യന്റെ ഒറ്റപ്പെട്ട രോഷം. കടന്നാക്രമിക്കപ്പെടുന്ന ഗോത്രപരമായ സംസ്‌കൃതീചക്രങ്ങളെ കാത്തുവക്കാനോ, ഈ സാംസ്കാരികാക്രമണങ്ങള്‍ക്കെതിരെ പ്രതിരോധമൊരുക്കാനോ തുനിയാതെ, ജീവിതത്തിന്റെ പുതിയ മുദ്രാവാക്യങ്ങള്‍ അടയാളപ്പെടുത്തിയ പരസ്യപ്പലകകളുമായി പുതിയ കാലം അതിന്റെ ഘോഷയാത്ര തുടരുമ്പോള്‍ , തകര്‍ക്കപ്പെടുന്ന സ്വന്തം സംസ്‌കൃതീമുദ്രകളെയോര്‍ത്ത് വിഹ്വലരാകുന്നവര്‍ക്കും പ്രതിഷേധത്തിന് പഴുതുകളാരായുന്നവര്‍ക്കും കൂട്ടം തെറ്റുന്നു. വേട്ടയാടപ്പെടുന്ന ഗോത്രസ്വത്വങ്ങളുടെ വിഹ്വലതകളുമായി തെരുവിന്റെ പ്രവാഹത്തില്‍ ഇങ്ങനെ കൂട്ടം തെറ്റിപ്പോകുന്ന മനുഷ്യന്‍ പ്രതിരോധത്തിന്റെ ഭ്രാന്തവും അപരിചിതവുമായ വഴികളാരായുന്നത് സ്വാഭാവികത മാത്രമെന്ന് ഓര്‍മപ്പെടുത്താന്‍ ഈ കുറിപ്പ്.

Advertisement