Categories

ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്ക; ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിക്കുന്നു

മൊസൂള്‍: മൂന്ന് വര്‍ഷം മുന്‍പ് ഇറാഖിലെ മൊസൂളില്‍ നിന്നും ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ കുടുബാംഗങ്ങളില്‍ നിന്നും വിദേശകാര്യമന്ത്രാലയം ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇവരെ കുറിച്ച് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ശേഖരിച്ച ഡി.എന്‍.എ സാമ്പിളുകള്‍ സിറിയയിലേക്കും ഇറാഖിലേക്കും അയക്കും. ഐസിസ് ശക്തികേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിച്ച ആളുകളുമായും കണ്ടെടുത്ത മൃതദേഹങ്ങളുമായും ഒത്തുനോക്കാനാണ് ഡി.എന്‍.എ സാമ്പിളുകള്‍ അയക്കുന്നത്.

വിദേശ കാര്യ മന്ത്രാലയം തഹസില്‍ദാര്‍ക്കും പഞ്ചാബ് സര്‍ക്കാരിനും അയച്ച കത്തില്‍ രണ്ട് സാമ്പിളുകള്‍ വീതം ഓരോ ആളുകളുടെ ബന്ധുക്കളില്‍ നിന്നും ശേഖരിക്കാന്‍ പറയുന്നുണ്ട്.

ഐസിസിന്റെ പിടിയില്‍ നിന്ന് മോചിതമായ മൊസൂളിലും ബാദുഷിലും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെയുള്ള മൃതദേഹാവശിഷ്ടങ്ങളുമായും സാമ്പിളുകള്‍ ഒത്തു നോക്കും

തെളിവുകള്‍ ലഭിക്കാത്തിടത്തോളം കാലം 39പേരും മരിച്ചുവെന്ന അനുമാനത്തിലെത്തുന്നത് പാപമാണെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവന വന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ നടപടി.

‘നമുക്ക് അവരെ കുറിച്ച് വ്യക്തമായ തെളിവുകള്‍ വേണം. അവര്‍ക്ക് എന്തുസംഭവിച്ചുവെന്ന് ഇതുവരെ വ്യക്തതയില്ല. പ്രാദേശിക ഭരണകൂടവുമായി നമ്മള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഡി.എന്‍.എ സാമ്പിളുകള്‍ ലഭിച്ചാല്‍ അത് അവിടെ കസ്റ്റഡിയിലുള്ള ആളുകളുമായും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായും ഒത്തു നോക്കി മരിച്ചോ ഇല്ലയോ എന്ന തീരുമാനത്തിലെത്താന്‍ കഴിയും’, വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

കാണാതായവരില്‍ കൂടുതല്‍ പേരും പഞ്ചാബില്‍നിന്നുള്ളവരാണ്. അമൃത്സര്‍ ജില്ലയില്‍നിന്നുള്ളവരോടു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെത്തി ഡി.എന്‍.എ സാംപിളുകള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്നലെ സാംപിള്‍ ശേഖരിച്ചിട്ടില്ല. തിങ്കളാഴ്ച വീണ്ടുമെത്തി ഡി.എന്‍.എ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐസിസ് ഭീകരരില്‍നിന്ന് ജൂലൈയില്‍ മൊസൂള്‍ നഗരം ഇറാഖ് തിരിച്ചുപിടിച്ചതിന് പിന്നാലെ കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല.

ജൂണ്‍ 2014ലാണ് ഐസിസ് 40 പേരെ തട്ടിക്കൊണ്ടു പോകുന്നത്. ഇതില്‍ ഒരാളായ ഹര്‍ജിത്ത് മാസി നാടകീയമായി രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. തട്ടിക്കൊണ്ടുപോയ ബാക്കി 39 ഇന്ത്യക്കാരേയും വെടിവെച്ചു കൊന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാരിനു യാതൊരു വിവരങ്ങളും ലഭ്യമല്ലെന്നായിരുന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞത്.

Tagged with: |