കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ യഥാര്‍ഥ പ്രതികള്‍ എത്ര ഉന്നതരായാലും പിടികൂടാന്‍ സര്‍ക്കാരിനു യാതൊരു ഭയവുമില്ലെന്നു വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്.

അന്വേഷണം തടയാന്‍ ആരൊക്കെ ശ്രമിച്ചാലും സര്‍ക്കാരിനും പോലീസിനുമെതിരേ ഏതൊക്കെ രീതിയില്‍ ഭീഷണി മുഴക്കിയാലും കൊല നടത്തിയവരും കൊല്ലാന്‍ ആഹ്വാനം ചെയ്തവരും പിടിയിലാവുകതന്നെ ചെയ്യുമെന്നും ആര്യാടന്‍ പറഞ്ഞു.

ഇടതുപാര്‍ട്ടിയുടെ ഭീഷണിക്കു മുന്നില്‍ മുട്ടുവിറയ്ക്കുന്ന പോലീസുകാരെയല്ല കേസന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്. എ.ഡി.ജി.പി വിന്‍സന്‍. എം. പോളിന്റെ കാര്യക്ഷമതയും ആത്മാര്‍ഥതയും ആരും ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതു സര്‍ക്കാരിന്റെ കാലത്തും പ്രധാനപ്പെട്ട കേസുകള്‍ അദ്ദേഹത്തെകൊണ്ടാണ് അന്വേഷിപ്പിച്ചിരുന്നത്. അതിനര്‍ത്ഥം അദ്ദേഹത്തിന്റെ കഴിവില്‍ സി.പി.ഐ.എമ്മിനും വിശ്വാസമുണ്ടെന്നാണ്.

ടി.പിയുടെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ഇന്നിതുവരെ സത്യസന്ധമായാണ് നടന്നിട്ടുള്ളത്. യഥാര്‍ത്ഥ പ്രതികളെ പിടികൂടുക തന്നെ ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥരെ കരിവാരിത്തേക്കാനുള്ള സി.പി.ഐ.എമ്മിന്റെ ശ്രമം വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു.