തിരുവനന്തപുരം: റെയില്‍വെ ബജറ്റില്‍ കേരളത്തിന് വന്‍നിരാശയെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.  നേരത്തെ തന്നെ പ്രതീക്ഷ ഇല്ലായിരുന്നു. എങ്കിലും ബജറ്റില്‍ ഇത്ര നിരാശ പ്രതീക്ഷിച്ചില്ലെന്നും ആര്യാടന്‍ പറഞ്ഞു.

Ads By Google

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് താനും മുഖ്യമന്ത്രിയും കേന്ദ്രത്തെ സമീപിക്കും. മുന്‍ ബജറ്റുകളില്‍ കേരളത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് പുതിയ എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് പാസഞ്ചറുകളുമാണ് ബജറ്റില്‍ കേരളത്തിന് ആകെ ലഭിച്ചത്.

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മ്മാണ ഉടന്‍ നടപ്പാക്കുമെന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചെങ്കിലും കോച്ച് ഫാക്ടറിക്കായി ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു.

ഡീസല്‍വില വര്‍ധനയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം 24,000 കോടി രൂപയുടെ നഷ്ടത്തിലാണ് റയില്‍വേയെന്നും ആര്യാടന്‍ പറഞ്ഞു.