Categories

ഔദാര്യത്തില്‍ നേടിയ സ്ഥാനങ്ങള്‍ ജന്മാവകാശമായി കാണരുത്: ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്യാടന്‍

Aryadan Muhammed Criticised Muslim league

മലപ്പുറം: അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്യാടന്‍ മുഹമ്മദ് വീണ്ടും. കോണ്‍ഗ്രസ് പതാക ഒരു സമുദായ നേതാവിനും അടിയറ വെക്കാനുള്ളതല്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവേയാണ് ആര്യാടന്റെ വിമര്‍ശനം.

കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒഴികെ മറ്റൊരു പാര്‍ട്ടിക്കും തനിച്ച് മത്സരിച്ച് അധികാരത്തിലെത്താന്‍ കഴിയില്ലെന്നും അങ്ങനെ ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ലെന്നും 2004 ലെയും 2006 ലെയും തെരഞ്ഞെടുപ്പുകള്‍ ലീഗ് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ആരുടെയും ഔദാര്യമല്ല. കോണ്‍ഗ്രസ്സിന് മത്സരിക്കാനും ജയിപ്പിക്കാനുള്ള അംഗബലവുമുളള പാര്‍ട്ടിയാണ്. രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ തന്നെപ്പോലെ ഖദറിട്ട കോണ്‍ഗ്രസുകാര്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

50 കൊല്ലമായി ലീഗിന്റെ കൈവശമുള്ള രാജ്യസഭാ സീറ്റെന്നാണ് അവരുടെ നേതാക്കള്‍ പ്രസംഗിക്കുന്നത്. മുമ്പ് രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയത് വലിയ കാര്യമാണെന്ന് ചിലര്‍ പറയുന്നു. ഔദാര്യത്തില്‍ നേടിയ സ്ഥാനങ്ങള്‍ ജന്മാവകാശമായി കാണുകയാണ് അവര്‍. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ലെന്നും ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടെന്ന് ചിലര്‍ പറയുന്നത്. ഭിന്നിപ്പ് എവിടെയാണെന്ന് കാസര്‍ഗോഡും കണ്ണൂരും നോക്കിയാല്‍ അറിയാമെന്നും ആര്യാടന്‍ പറഞ്ഞു.

മന്ത്രിസ്ഥാനം വലിയ കാര്യമാണെന്ന് കരുതുന്നില്ല. മന്ത്രിസ്ഥാനം തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ നൂറുതവണ തുമ്മാന്‍ തയ്യാറാണ്. കോണ്‍ഗ്രസിന് ക്ഷിണം വരുത്തുന്ന ഒരു കാര്യവും മരണം വരെ എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. പക്ഷെ അഭിപ്രായങ്ങള്‍ പാര്‍ട്ടി യോഗങ്ങളില്‍ പറയുമെന്നും അത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.