തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നൂറ് ദിവസത്തിനകം അമ്പതിനായിരം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. 2011 മാര്‍ച്ച് 31ന് മുന്‍പ് പണമടച്ച മുഴുവന്‍ ആളുകള്‍ക്കും കണക്ഷന്‍ നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ 1000 കിലോമീറ്റര്‍ നീളത്തില്‍ 11 കെ.വി. ലൈന്‍ സ്ഥാപിക്കും. 1500 പുതിയ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കും. 2000 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീഫേസാക്കും.
രാജീവ്ഗാന്ധി റൂറല്‍ ഗ്രാമീണ്‍ വിദ്യുകരണ്‍ യോജനയുടെ രണ്ടാംഘട്ട പദ്ധതി സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ കൂടി നടപ്പിലാക്കും. 100 കോടി രൂപയുടെ പദ്ധതിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെദ്യുതി പോസ്റ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ ഇടയാറില്‍ വൈദ്യുതി ബോര്‍ഡ് നേരിട്ട് ഒരു പോള്‍കാസ്റ്റ് യൂണിറ്റ് സ്ഥാപിക്കും. നൂറ് ദിവസത്തിനകം അതിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. ഉപഭോഗം കൂടുന്ന സമയങ്ങളില്‍ സൗരോര്‍ജം ഉപയോഗിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. അപ്പര്‍ ചെങ്കുളത്ത് 24 മെഗാവാട്ടും വെസ്റ്റ് കല്ലാറില്‍ അഞ്ച് മെഗാവാട്ടും ശേഷിയുള്ള പദ്ധതികളുടെ സര്‍വെ നടത്തുംമന്ത്രി അറിയിച്ചു.