തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിനെതിരെ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് പറഞ്ഞ്  ചെറുതാവാനില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ആന്റണിയെ വിമര്‍ശിക്കാന്‍ താന്‍ ആളല്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

Ads By Google

ആന്റണിയുടെ പരാമര്‍ശത്തെ കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇടത് സര്‍ക്കാറിനെക്കാള്‍ മികച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ആന്റണിയുടെ പ്രസ്താവന ഗൗരവത്തോടെ കാണുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ആന്റണി സമുന്നതനായ നേതാവാണ്. അതിനാല്‍ തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളത്തില്‍ പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ധൈര്യമില്ലെന്നായിരുന്നു എ.കെ.ആന്റണി പ്രതിരോധ വകുപ്പിന്റെ ബ്രഹ്മോസ് തുടര്‍പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പറഞ്ഞത്.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കലവറയില്ലാത്ത പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും ആന്റണി പറഞ്ഞിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനേയും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനേയും വേദിയിലിരുത്തിയാണ് യു.ഡി.എഫിനെതിരെയുള്ള ആന്റണിയുടെ കടുത്ത വിമര്‍ശനം.