തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് കൂട്ടാതിരിക്കാനാണ് ആഗ്രഹമെന്നും എന്നാല്‍ അതിന് കഴിയുമോ എന്നറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ . അതിരപ്പിള്ളിപദ്ധതിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭയിലും പാര്‍ട്ടിയിലും ആലോചിക്കാതെ അതിരപ്പിള്ളി പദ്ധതിയെ പറ്റി തീരുമാനമെടുക്കാനാവില്ലെന്നും പുതിയ പദ്ധതികളുണ്ടാകാതെ സംസ്ഥാനത്തിന് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മന്ത്രിയായിരുന്നപ്പോള്‍ പദ്ധതിക്കുവേണ്ടി വാദിച്ചയാളാണ് താനെന്നും പരിസ്ഥിവാദികളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയും എതിര്‍പ്പ് അറിയിച്ചതുകൊണ്ട് അതിനെ പറ്റി അന്വേഷണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കെ.എസ്.ഇ.ബിക്ക് പ്രതിമാസം 70 കോടിരൂപയുട അധിക ബാധ്യതയുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ വൈദ്യുതി വകുപ്പ് തകരും. സ്വകാര്യ മേഖല കടന്നുവരും.’- അദ്ദേഹം പറഞ്ഞു