മലപ്പുറം: തന്നെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കാന്‍ ഒരു മതസംഘടനക്കും കഴിയില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കൊണ്ടോട്ടിയില്‍ പി.സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന യുവജന യാത്രക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര്യാടന്‍. തന്റെ അഭിപ്രായം പാര്‍ട്ടിയില്‍ വീണ്ടും പറയും. അതില്‍ വിരോധം തോന്നിയിട്ട് കാര്യമില്ല. ഒരു മതസംഘടക്കും താന്‍ കീഴടങ്ങില്ല. ആബ്ദുറഹ്മാന്‍ സാഹിബിനെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കിയ വിഭാഗമാണിവര്‍. എന്നെ പുറത്താക്കാന്‍ ഒരു മത സംഘടനക്കും കഴിയില്ല ആര്യാടന്‍ വ്യക്തമാക്കി. ആര്യാടനെതിരെയുള്ള ലീഗ് എസ്.കെ.എസ്.എസ്.എഫ് വിമര്‍ശനത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം യുവജന യാത്രയോടനുബന്ധിച്ച് കൊണ്ടോട്ടിയില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജ്ജും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ യുവജന യാത്രക്കിടെ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യമുണ്ടായതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതോടെ സംഘര്‍ഷം ഉടലെടുത്തു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ച് സംഘര്‍ഷം അവസാനിപ്പിച്ചെങ്കിലും യാത്രയുടെ പൊതുയോഗത്തിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി.

മന്ത്രി ആര്യാടന്‍ സംസാരിച്ചുകൊണ്ടിരിക്കെ ലീഗ് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പതാക കത്തിക്കുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടെ കൊടി കത്തിച്ചതില്‍ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെങ്കിലും പോലീസ് വിരട്ടിയോടിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

Malayalam News

Kerala News in English