Categories

ഉറുമിയില്‍ നിന്നും ഒരുപാട് പഠിച്ചു; ആര്യ

മലയാളിയാണെങ്കിലും ആര്യ തിളങ്ങിയ തമിഴകത്താണ്. തമിഴകത്ത് സ്റ്റാറായി നില്‍ക്കുന്ന സമയത്താണ് ആര്യ തന്റെ ആദ്യ മലയാള ചിത്രം തിരഞ്ഞെടുക്കുന്നത്. മലയാളത്തില്‍ നല്ലൊരു തുടക്കം കിട്ടാന്‍ ആര്യ കാത്തിരിക്കുകയായിരുന്നു. എന്തായാലും ആ കാത്തിരിപ്പ് വെറുതെയായില്ല.

മലയാള സിനിമയുടെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ പ്രാപ്തിയുള്ളതെന്നു കരുതുന്ന ഉറുമിയിലാണ് ആര്യ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ആര്യയുടെ സിനിമാ വിശേഷങ്ങളിലൂടെ

എങ്ങനെയാണ് ഉറുമിയില്‍ വേഷമിടാന്‍ അവസരം ലഭിക്കുന്നത്?.

ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ മുഖേനയാണ് എനിക്ക് ഉറുമിയിലേക്ക് അവസരം ലഭിക്കുന്നത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ബാലയുടെ അവന്‍ ഇവന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ എനിക്കൊരു ഫോണ്‍ വന്നു. ചിത്രത്തിലൊരു വേഷം ചെയ്യാമോ എന്ന് ചോദിച്ച് സന്തോഷായിരുന്നു വിളിച്ചത്. എനിക്ക് വലിയ സന്തോഷം തോന്നി.

ഈ ചെറിയ വേഷം ചെയ്യാന്‍ താല്‍പര്യം തോന്നിയതെന്താണ്. കഥാപാത്രത്തെ കുറിച്ച് എന്തെങ്കിലും വിശദീകരണം അദ്ദേഹം നല്‍കിയിരുന്നോ?.

തീര്‍ച്ചയായും. സന്തോഷ് ശിവനെ കുറിച്ച് ഞാനൊരുപാട് കേട്ടിട്ടുണ്ടായിരുന്നു. അദ്ദേഹം ഒരു മഹാപ്രതിഭയാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണമെന്ന് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ഞാനദ്ദേഹത്തോട് പറയുമായിരുന്നു. കഥയെ കുറിച്ചും എന്റെ കഥാപാത്രത്തെ കുറിച്ചും അദ്ദേഹം വളരെ വ്യക്തമായി എനിക്കു പറഞ്ഞു തന്നിരുന്നു.

ഇതൊരു ഒറ്റപ്പെട്ട ചിത്രമാണ്. വലിയ പണച്ചിലവില്‍ എടുക്കേണ്ട ചിത്രമാണിത്. എന്നാല്‍ സന്തോഷ് അദ്ദേഹത്തിന്റെ സാങ്കേതിക പരിജ്ഞാനത്താല്‍ ആ ചിത്രം എളുപ്പമാക്കി തീര്‍ത്തു.

എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. സന്തോഷ് ഓരോ ഷോട്ടും ചിത്രീകരിക്കുന്ന രീതി കണ്ട് ഞാനത്ഭുതപ്പെട്ടിട്ടുണ്ട്. സത്യത്തില്‍ മറ്റുള്ളവരുടെ ഭാഗമെല്ലാം ആദ്യമേ പൂര്‍ത്തിയായതായിരുന്നു. ഞാനുള്‍പ്പെട്ട ചില ഷോട്ടുകളാണ് ബാക്കിയുണ്ടായിരുന്നത്. ചിത്രത്തിന്റെ ശേഷിക്കുന്ന ഭാഗം എങ്ങനെയായിരിക്കും എന്നെനിക്ക് ആകാംഷയുണ്ട്. ഇതിന്റെ ചില ഭാഗങ്ങളും ഫോട്ടോകളും ഞാന്‍ കണ്ടിട്ടുണ്ട്.

എന്താണ് ആര്യയുടെ കഥാപാത്രം?.

വാസ്‌കോ ഡ ഗാമയെ കൊല്ലാന്‍ ശ്രമിക്കുന്ന ആദ്യത്തെ വ്യക്തിയായാണ് ഞാന്‍ അഭിനയിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്.

വളരെ ബുദ്ധിമുട്ടി ചിത്രീകരണം ചെയ്യേണ്ടി വന്ന അനുഭവങ്ങളുണ്ടോ?.

വളരെ വേഗത്തിലാണ് ഓരോ ഷോട്ടും ചെയ്യുന്നത്. സന്തോഷ് ശിവന്‍ എല്ലാം വേഗത്തില്‍ ചെയ്യും. അദ്ദേഹത്തിന്റെ വേഗത പിന്‍തുടരുക എന്നത് ബുദ്ധിമുട്ടാണ്. കുറച്ചുമെല്ലെ നീങ്ങണമെന്നും എനിക്കാ വേഗത പിന്‍തുടരാനാവുന്നില്ലെന്നും ഞാന്‍ ശിവനോട് പറഞ്ഞിരുന്നു.

ചിത്രീകരണം എത്രദിവസമുണ്ടായിരുന്നു? എവിടെ വച്ചായിരുന്നു?
.
ഉഡുപ്പിയില്‍ വച്ചായിരുന്നു എന്റെ ഷോട്ട്. അഞ്ച് ദിവസമുണ്ടായിരുന്നു.

പൃഥ്വിരാജ്, ജനീലിയ, പ്രഭുദേവ എന്നിവരോടൊപ്പമുള്ള സീനുകളുണ്ടോ? .

പൃഥ്വിവിനൊപ്പം ഒരു സീനുണ്ട്.

അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിങ് എങ്ങനെയുണ്ടായിരുന്നു?.

arya in urumiവളരെ കഴിവുള്ള നടനാണ് പൃഥ്വിരാജ്. വളരെ ഫ്രണ്ട്‌ലിയുമാണ്. അദ്ദേഹത്തിന്റെ ഉച്ഛാരണങ്ങളെല്ലാം വളരെ പെര്‍ഫെക്ടാണ്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.

സന്തോഷ് ശിവനൊപ്പമുള്ള ആദ്യത്തെ ചിത്രമല്ലേ, സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ കുറിച്ച്

സന്തോഷ് കാര്യങ്ങളെ വിഷ്വലി നോക്കിക്കാണുന്നയാളാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരു സ്‌റ്റൈലുണ്ട്. അതില്‍ വിശ്വാസവുമുണ്ട്. അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട്. സാങ്കേതിക പരിജ്ഞാനത്തിനപ്പുറം എങ്ങനെയഭിനയിക്കണം എന്ന് വിവരിച്ചു തരാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. അത് വലിയൊരു കഴിവാണ്. ഇത് നടനെ സംബന്ധിച്ചിടത്തോളം അഭിനയം എളുപ്പമാക്കി തരുന്നു. അതേ സമയം തന്നെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അനുവാദവും അദ്ദേഹം നല്‍കുന്നു.

ഡയലോഗ് സ്വയം ഡബ് ചെയ്തതാണോ?

അല്ല

മദിരാശിപട്ടണം എന്ന ചിത്രത്തിനുശേഷം ഒരു ചരിത്ര സിനിമയില്‍ അഭിനയിച്ചപ്പോള്‍ എന്തായിരുന്നു അനുഭവം?.

ഉറുമി എന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നതിനുമുമ്പേ എന്റെ ഭാഗം കഴിഞ്ഞിരുന്നു.

ഉറുമിയില്‍ നിന്നും ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു എന്ന് പറഞ്ഞല്ലോ എന്താണ് ഉറുമിയില്‍ നിന്നും പഠിച്ചത്.?

അത് വാക്കുകളിലൂടെ പറയാന്‍ കഴിയുന്നതല്ല. അത് ഒരു തരം അനുഭവമാണ്. സന്തോഷ് ശിവന്റെ അടുത്ത ചിത്രത്തില്‍ ഇതിലും നല്ല വേഷം ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.