Categories

ആര്യ കൊലക്കേസ്: പ്രതി രാജേഷിന് വധശിക്ഷ

തിരുവനന്തപുരം: ആര്യ വധക്കേസില്‍ പ്രതി രാജേഷിന് വധശിക്ഷ. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

Ads By Google

തിരുവനന്തപുരം വട്ടപ്പാറയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നിരിക്കുന്നത്. കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ രാജേഷ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

പ്രതിക്കെതിരെ മോഷണം,  ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗത്തിന് ജീവപര്യന്തം തടവും മോഷണക്കുറ്റത്തിന് പത്ത് വര്‍ഷം തടവും കൊലപാതകത്തിന് വധശിക്ഷയും വിധിക്കുകയായിരുന്നു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍ വിധി പ്രസ്താവിച്ചത്. ഹീനമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി രാവിലെ തന്നെ നിരീക്ഷിച്ചിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

തനിക്ക് 30 വയസായിട്ടേ ഉള്ളുവെന്നും ഭാര്യയും അമ്മയും മകളുമുണ്ടെന്നും മാനസാന്തരത്തിന് അവസരം നല്‍കണമെന്നുമുള്ള പ്രതിയുടെ അപേക്ഷ കോടതി തള്ളി. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും നിയമം അനുശാസിക്കുന്ന അങ്ങേയറ്റത്തെ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ആര്യ കൊല്ലപ്പെട്ടത്.  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിന് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് വേറ്റിനാട്ടെ വീട്ടില്‍ കഴിയുകയായിരുന്നു ആര്യ.

ആര്യയുടെ വീടിന് സമീപത്ത് വച്ച് പ്രതിയായ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ വീല്‍ റോഡുവക്കിലെ കുഴിയില്‍ വീഴുകയും തുടര്‍ന്ന് ഓട്ടോ പൊക്കുന്നതിന് ആര്യയും കൂട്ടുകാരികളും പ്രതിയെ സഹായിക്കുകയും ചെയ്തു.

തുടര്‍ന്ന് വീട്ടില്‍ ആര്യ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി സ്‌ക്രൂഡ്രൈവര്‍ വാങ്ങാനെന്ന വ്യാജനേ  വീടിനകത്തുകയറുകയും ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആര്യയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല ഊരിയെടുത്തശേഷം അടുത്തുള്ള സ്വകാര്യ ബാങ്കില്‍ വ്യാജപേരില്‍ പണയം വച്ച് കാശ് കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്.

സംഭവം നടന്ന് മൂന്നുമാസത്തിനുള്ളില്‍ തന്നെ അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി രാജേഷ് ജാമ്യത്തിനായി വിവിധ കോടതികളെ സമീപിച്ചെങ്കിലും കോടതികള്‍ ജാമ്യം നിഷേധിച്ചു.

പ്രതി രാജേഷിന്റെ രണ്ട് ഭാര്യമാര്‍ ഉള്‍പ്പടെ കേസില്‍ സാക്ഷിയായി മൊഴി പറഞ്ഞ കേസില്‍ ഒരുസാക്ഷിയും കൂറുമാറിയില്ല എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

Tagged with: