ന്യൂദല്‍ഹി:  ദല്‍ഹി രാംജാസ് കോളേജില്‍ അക്രമണം അഴിച്ചുവിടുകയും വിദ്യാര്‍ത്ഥിനി ഗുര്‍മേഹറിനെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ എ.ബി.വി.പിക്കെതിരെ കേസെടുക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

എ.ബി.വി.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കാണുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

നമ്മുടെ പെണ്‍മക്കള്‍ക്കെതിരെയും സഹോദരിമാര്‍ക്കെതിരെയും ബലാത്സംഗ ഭീഷണി മുഴക്കുന്നതാണോ ബി.ജെ.പിയുടെ ദേശീയതയെന്നും ഇത്തരക്കാരെ കൊണ്ട് നാണം കെട്ടെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.


Read more: മുസ്‌ലിംങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാത്തത് ബി.ജെ.പിക്ക് വോട്ടുചെയ്യാത്തതിനാല്‍: വിനയ് കത്യാര്‍


എ.ബി.വി.പിയ്‌ക്കെതിരായ കാമ്പെയ്‌നില്‍ നിന്നും പിന്മാറുന്നതായി ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ഗുര്‍മേഹര്‍ കൗര്‍ ഇന്ന് പറഞ്ഞിരുന്നു. ‘ഒരു 20കാരി അനുഭവിക്കേണ്ടതും അതിലപ്പുറവും ഞാന്‍ അനുഭവിച്ചു. വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ളതായിരുന്നു കാമ്പെയ്ന്‍. എനിക്കുവേണ്ടിയുള്ളതല്ല. എല്ലാവരും മാര്‍ച്ചില്‍ പങ്കെടുക്കുക.’ എന്നും കൗര്‍ പറഞ്ഞിരുന്നു.

ദല്‍ഹി രാംജാസിലെ എ.ബി.വി.പി അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ‘എനിക്ക് എ.ബി.വി.പിയെ ഭയമില്ല’ എന്ന ഹാഷ്ടാഗില്‍ ഗുര്‍മേഹര്‍ കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ക്കെതിരെ ബലാത്സംഗഭീഷണിയടക്കം ഉയര്‍ന്നിരുന്നു.

ഇതിനിടെ ഗുര്‍മേഹറിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ക്രിക്കറ്റ് താരം സെവാഗും മറ്റും രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.