എഡിറ്റര്‍
എഡിറ്റര്‍
സോണിയയുടെ മരുമകന്‍ സമ്പാദിച്ചത് കോടികള്‍; രാഷ്ട്രീയത്തിലില്ലാത്തവരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സോണിയ
എഡിറ്റര്‍
Saturday 6th October 2012 9:10am

ന്യൂദല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വധേരയ്‌ക്കെതിരെ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണവുമായി  അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി.

റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ഇന്ത്യന്‍ ഭീമന്‍ ഡി.എല്‍.എഫുമായി കൂട്ടുചേര്‍ന്ന് വധേര രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ചുളുവിലയ്ക്ക് പ്ലോട്ടുകള്‍ വാങ്ങി മറിച്ചുവിറ്റുവെന്നാണ് ആരോപണം.

ഈ കച്ചവടത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത് മുന്നൂറുകോടിയാണെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു. വിപണിയിലെ തറവിലയിലും താഴ്ന്ന നിരക്കിലായിരുന്നു വസ്തു തിരിമറി.

Ads By Google

റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനസര്‍ക്കാറുകള്‍ അനധികൃതമായി ആനുകൂല്യങ്ങള്‍ നല്‍കി സഹായിച്ചെന്നും കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എന്നാല്‍ രാഷ്ട്രീയത്തിലില്ലാത്ത റോബര്‍ട്ട് വധേരയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി വ്യക്തമാക്കി. സോണിയ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസും വധേരയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ  പ്രതിരോധിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ വസ്തുതിരിമറിക്ക് പുറമെ ബിസിനസ് ആവശ്യത്തിനായി ഈടില്ലാതെ ഡി.എല്‍.എഫ് വധേരയ്ക്ക് നല്‍കിയത് അറുപത്തഞ്ചു കോടിയോളം രൂപയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കെജ്രിവാളും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പത്രസമ്മേളനത്തില്‍ ആരോപിച്ചു.

റോബര്‍ട്ട് വധേരയുടെ ഭൂമിഇടപാട് സംബന്ധിച്ച രേഖകളും കെജ്‌രിവാള്‍ പുറത്തുവിട്ടു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 300 കോടി രൂപയുടെ വസ്തുവകകളാണ് വധേര വാങ്ങിക്കൂട്ടിയത്. ഇന്ന് 500 കോടിരൂപ വിപണിവിലയുള്ള വസ്തുക്കളാണിവ. 2007ല്‍ 50 ലക്ഷം മാത്രമായിരുന്നു വധേരയുടെ കമ്പനിയുടെ മൂലധനം. ഡി.എല്‍.എഫ് നല്‍കിയ 65 കോടി രൂപയുടെ പലിശരഹിതവായ്പയിലൂടെയാണ് വധേര ഈ വസ്തുക്കളെല്ലാം വാങ്ങിയത്.

എന്തു താത്പര്യത്തിലാണ് വധേരയ്ക്ക് ഡി.എല്‍.എഫ്. പലിശ രഹിതവായ്പ അനുവദിച്ചതെന്ന് കെജ്‌രിവാള്‍ ചോദിച്ചു. വസ്തുക്കള്‍ക്ക് വന്‍വിപണിവില ഈടാക്കുന്ന ഡി.എല്‍.എഫ് എന്തുകൊണ്ടാണ് കുറഞ്ഞനിരക്കില്‍ വധേരയ്ക്ക് വസ്തുക്കള്‍ നല്‍കാനും വായ്പനല്‍കാനും തയ്യാറായത്.

വിപണി നിരക്കനുസരിച്ച് 500 കോടി വിലമതിക്കുന്ന 31 വസ്തുക്കളാണ് ഇങ്ങനെ കൈമാറിയത്. ഇവയില്‍ ഉള്‍പ്പെടുന്ന അഞ്ച് ഫ്‌ളാറ്റുകളുടെ വില മാത്രം 35 കോടി വരും. ഇവ വാങ്ങിയതാകട്ടെ വെറും അഞ്ചു കോടിരൂപയ്ക്കും. വധേരയുടേയും അമ്മയുടേയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ 2007ല്‍ കാണിച്ചിട്ടുള്ള തുക വെറും അരക്കോടിയാണ്. 2010 ആയപ്പോഴേക്ക് ഇത് മുന്നൂറുകോടിയായി ഉയര്‍ന്നു.

ഇതിന് പ്രതിഫലമായി കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കമ്പനിക്ക് നിരവധി ഇളവുകള്‍ നല്‍കി. ദല്‍ഹി, ഹരിയാന, രാജസ്ഥാന്‍ സര്‍ക്കാരുകളാണ് ഡി.എല്‍.എഫിനെ കൈയ്യയച്ച് സഹായിച്ചത്.

റോബര്‍ട്ട് വധേരയുടെ ഭൂമിഇടപാട് സംബന്ധിച്ച രേഖകളും കെജ്‌രിവാള്‍ പുറത്തുവിട്ടു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 300 കോടി രൂപയുടെ വസ്തുവകകളാണ് വധേര വാങ്ങിക്കൂട്ടിയത്

ഡി.എല്‍.എഫിന് മഗ്‌നോളിയ പാര്‍പ്പിടപദ്ധതി നടപ്പാക്കാനായി 350 കോടി രൂപയുടെ ഭൂമിയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ നല്‍കിയത്. ഇവിടെയാണ് വധേര ഏഴ് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയതും.  സ്വന്തം പേരിലും അമ്മയുടെ പേരിലുമുള്ള അഞ്ച് കമ്പനികള്‍ക്കാണ് വസ്തുക്കളുടെ ഉടമസ്ഥാവകാശം. ഇതില്‍ ഒരു കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡംഗമായിരുന്ന പ്രിയങ്കാ ഗാന്ധി പിന്നീട് സ്ഥാനമൊഴിഞ്ഞു.

നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഡി.എല്‍.എഫ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്. ഇതിനൊപ്പം റോബര്‍ട്ട് വധേരയ്ക്ക് ചുരുങ്ങിയ നിരക്കില്‍ വസ്തുവകകള്‍ നല്‍കുകയും ചെയ്തുവെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. അഴിമതിവിരുദ്ധനിയമത്തിന്റെയും ആദായനികുതിനിയമത്തിന്റെയും കീഴില്‍ വധേരയ്‌ക്കെതിരെ കേസെടുക്കണമെന്ന് കെജ്‌രിവാളും പ്രശാന്ത്ഭൂഷണും ആവശ്യപ്പെട്ടു.

വധേരയുടെ വസ്തുക്കളില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്നും അരവിന്ദ് കെജ്‌രിവാളും സംഘവും ആരോപിച്ചു. അധികാരത്തിന്റെ സ്വാധീനമുപയോഗിച്ചാണ് ഈ ക്രമക്കേടുകളെല്ലാം നടന്നത്. അതുകൊണ്ടുതന്നെയാണ് ലോക്പാല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തത്-കെജ്‌രിവാള്‍ ആരോപിച്ചു.

വധേരയെ സഹായിച്ചതിനുള്ള പ്രത്യുപകാരം ഡി.എല്‍.എഫിനും ലഭിച്ചു. തെക്കന്‍ ദല്‍ഹിയിലെ സാകേതിലുള്ള ഡി.എല്‍.എഫ് ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലില്‍ 50 ശതമാനം ഓഹരിയാണ് ഡി.എല്‍.എഫിനുള്ളത്. 150 കോടിരൂപ വിപണിമൂല്യമുള്ള ഈ വസ്തു വെറും 32 കോടി രൂപയ്ക്ക് ഡി.എല്‍.എഫിന് ലഭിച്ചു.

അഴിമതിരഹിത ഭരണത്തിനായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിലാണ് കെജ്‌രിവാള്‍ യു.പി.എ  സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പ്രമുഖ വ്യക്തിയുടെ അഴിമതിക്കഥകള്‍ വെള്ളിയാഴ്ചയോടെ പുറത്തുവിടുമെന്ന് ഗാന്ധി ജയന്തി ദിനത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന യോഗത്തില്‍ കെജ്‌രിവാള്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ വധേരക്ക് ഡി.എല്‍.എഫ് റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പുമായുള്ള ബന്ധം സുതാര്യമാണെന്നും അത് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

തന്റെ മകളുടെ ഭര്‍ത്താവിനെതിരെ അരവിന്ദ് കെജ്‌രിവാള്‍ ഉന്നയിച്ചത് യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണെന്നു സോണിയാ ഗാന്ധി പറഞ്ഞു. വ്യവസായിയായ വധേരക്കെതിരെ കെജ്‌രിവാള്‍ ഉന്നയിച്ചത് രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളാണ്. രാഷ്ട്രീയത്തിലില്ലാത്ത ഒരാളെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ വ്യക്തമാക്കി.

Advertisement