Categories

അരുവിക്കരയില്‍ അവകാശവാദവുമായി മുന്നണികള്‍

aruvikkara

തിരുവനന്തപുരം: ഫലപ്രഖ്യാപനം കാത്തിരിക്കുന്ന അരവിക്കരയില്‍ അവകാശവാദവുമായി മുന്നണികള്‍. 56000-60000ത്തിനുമിടയില്‍ വിജയകുമാര്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്നാണ് സി.പി.ഐ.എം വിലയിരുത്തല്‍. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിരത്തിയ കണക്കുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന് 52000 മുതല്‍ 55000 വരെ വോട്ടുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന് 22000ത്തിനും 25000ത്തിനുമിടയില്‍ വോട്ടു ലഭിക്കുമെന്നാണ് സി.പി.ഐ.എം നിഗമനം. പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിക്ക് പരമാവധി 3000 വോട്ടുകളും പിഡിപിയുടെ പൂന്തുറ സിറാജിന് ആയിരത്തില്‍ താഴെ വോട്ടുകളും മാത്രമെ ലഭിക്കുകയുള്ളൂ. ബൂത്തുകള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പരിശോധിച്ചാണ് സി.പി.ഐ.എമ്മിന്റെ കണക്ക് കൂട്ടലുകള്‍.

അതേ സമയം 6000ത്തിനും 10000ത്തിനും ഇടയിലാണ് ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. നാടാര്‍ മുസ്ലിം വോട്ടുകേന്ദ്രീകരണം അനുകൂലമാവുമെന്നും, സ്ത്രീ വോട്ടര്‍മാര്‍ ഒഴുകിയെത്തിയതും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. ഇതിനൊപ്പം ഉഴമയ്ക്കല്‍ പഞ്ചായത്ത്് ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ലീഡും പ്രതീക്ഷിക്കുന്നുണ്ട്.

ഫലം പ്രഖ്യാപിക്കുമ്പോള്‍ 41000-49000 വരെ വോട്ടുകള്‍ ലഭിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. 45000 വോട്ടുകള്‍ ലഭിച്ചാല്‍ ഒ. രാജഗോപാലിന് വിജയിക്കാനാകുമെന്നും ചെറു പാര്‍ട്ടികള്‍ക്ക് പതിനായിരത്തോളം വോട്ടുകള്‍ ലഭിക്കുമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നു.

അരുവിക്കരയില്‍ 77.35 ശതമാനത്തിന്റെ റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച്ചയാണ് വോട്ടെണ്ണല്‍.

Tagged with: