ന്യൂദല്‍ഹി: ആരുഷി തല്‍വാര്‍ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു. തെളിവു ലഭിക്കാത്ത കാരണംപറഞ്ഞ് കേസ് തേച്ചുമാച്ചുകളയാന്‍ അനുവദിക്കില്ലെന്നും നിയമമന്ത്രി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ആരുഷിയുടെ കൊലപാതകത്തിന് ഉത്തരവാദികള്‍ ആരാണെന്ന് കണ്ടെത്തുംവരെ പോരാട്ടം തുടരുമെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആരുഷി കേസ്

2008 മേയ് 16നായിരുന്നു നോയിഡയിലെ രാജേഷ്‌നൂപുര്‍ തല്‍വാര്‍ ദമ്പതിമാരുടെ മകളായ ആരുഷി തല്‍വാറിനെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയാണെന്ന് സംശയിക്കപ്പെട്ട വീട്ടുവേലക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തിയതോടെ ദുരൂഹതയേറി.

കേസുമായി ബന്ധപ്പെട്ട് ആരുഷിയുടെ അച്ഛനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റുചെയ്തു. തുടര്‍ന്ന് കേസ് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ നുണപരിശോധനയുടെ അടിസ്ഥാനത്തില്‍ അച്ഛന്‍ രാജേഷ് തല്‍വാറിനെ ഏജന്‍സി കുറ്റവിമുക്തനാക്കി. തുടര്‍ന്ന് വീട്ടുവേലക്കാരായ കൃഷ്ണ, രാജ്കുമാര്‍, വിജയ് മണ്ഡല്‍ എന്നിവരെ കേസില്‍ കുറ്റക്കാരായി കണ്ടെത്തുകയും അറസ്റ്റുചെയ്യുകയുമായിരുന്നു.