എഡിറ്റര്‍
എഡിറ്റര്‍
ആരുഷി-ഹേംരാജ് കൊലക്കേസ്: വിധി ഇന്ന്
എഡിറ്റര്‍
Monday 25th November 2013 7:02am

arushi-parents

ന്യൂദല്‍ഹി:  ആരുഷി-ഹേംരാജ് കൊലപാതകക്കേസില്‍ ഗാസിയാബാദിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും.

നോയിഡയിലെ രാജേഷ്-നൂപുല്‍തല്‍വാര്‍ ഡോക്ടര്‍ ദമ്പതിമാരുടെ മകള്‍ ആരുഷിയും വീട്ടു ജോലിക്കാരന്‍ ഹേംരാജും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ രക്ഷിതാക്കള്‍ തന്നെയാണെന്ന് സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു.

2008 ജനുവരി 15 നാണ് ആരുഷിയെ നോയിഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തൊട്ടടുത്ത ദിവസം തന്നെ വീട്ടുജോലിക്കാരനായ ഹേംരാജിനെയും വീടിന്റെ ടെറസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

നിരവധി വഴിത്തിരിവുകളിലൂടെ കടന്നുപോയ കേസ് ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐ യുമാണ് അന്വേഷിച്ചത്.

പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയ പോലീസ് പിന്നീട് ഹേംരാജ് ആരുഷിയെ കൊന്ന ശേഷം കടന്നുകളഞ്ഞു എന്ന നിഗമനത്തിലെത്തുകയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം വീട്ടു ജോലിക്കാരന്റെ മൃതദേഹം കണ്ടെത്തിയതിനുശേഷം പെണ്‍കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

വീട്ടു ജോലിക്കാരനെയും മകളെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

എന്നാല്‍പിന്നീട് കേസ് സി.ബി.ഐ ക്ക് കൈമാറിയതിലൂടെ താല്‍വാര്‍മാര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് കണ്ടെത്തുകയായിരുന്നു.

താല്‍വാര്‍ ദമ്പതികള്‍ ആരുഷിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

കൊലപാതകസ്ഥലത്തു നിന്നും വീട്ടുവേലക്കാരനായ ഹേംരാജിനെ ടെറസില്‍ കൊണ്ടു പോവുന്ന വഴിയില്‍ ഗോവണിപ്പടിയില്‍ കണ്ടെത്തിയ രക്തക്കറയും വീട്ടില്‍ നിന്നു ലഭിച്ച വിസ്‌കിക്കുപ്പിയില്‍ നിന്നു കണ്ടെത്തിയ ഫിംഗര്‍ പ്രിന്റും താല്‍വാര്‍ ദമ്പതികളുടെ പങ്ക് വെളിവാക്കുന്നതായിരുന്നു.

15 മാസത്തെ വിചാരണയ്‌ക്കൊടുവിലാണ് പ്രസ്തുത കേസില്‍ പ്രത്യേക ജഡ്ജി എസ്.ലാല്‍ വിധി പറയുന്നത്.

Advertisement