ചെന്നൈ: വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ബിരുദങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിയ്ക്ക് അധ്യാപിക നിര്‍ബന്ധിക്കുന്നതായി പരാതി. സംഭവത്തില്‍ ചെന്നൈയിലെ കോളേജ് പ്രൊഫസര്‍ കൂടിയായ അധ്യാപികയാണ് ഇപ്പോള്‍ പൊലീസ് പിടിയിലായത്.

വിദ്യാര്‍ഥികളെ ലൈംഗികവൃത്തിയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തില്‍ ഇവര്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിനെത്തുടര്‍ന്നാണ് അറസ്റ്റിലായിരിക്കുന്നത്. ചെന്നൈ വിരുദു നഗറിലെ കോളേജ് അധ്യാപികയാണ് അറസ്റ്റിലായ നിര്‍മ്മലാദേവി.

മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനുവേണ്ടിയാണ് കോളേജിലെ പെണ്‍കുട്ടികളുമായി ഇവര്‍ സംസാരിച്ചത്. ഫോണ്‍ സംഭാഷണം ചോര്‍ത്തിയ വിദ്യാര്‍ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതിയുമായി രംഗത്തെത്തി.


ALSO READ: ഇന്ത്യയെ ഒരിക്കലും ക്യാഷ്‌ലെസ് ആക്കാന്‍ കഴിയില്ല; മോദിയുടെ വാദങ്ങള്‍ തള്ളി മോഹന്‍ ഭാഗവത്


തനിക്ക് ഗവര്‍ണറുമായി അടുത്ത ബന്ധമുണ്ടെന്നും, താന്‍ പറയുന്ന പോലെ അനുസരിക്കുകയാണെങ്കില്‍ ധാരാളം പണം സമ്പാദിക്കാമെന്ന് ഇവര്‍ കുട്ടികളോട് പറഞ്ഞു. അതു മാത്രമല്ല. സൗജന്യമായി ബിരുദങ്ങള്‍ നേടാനും ഈ വഴി സഹായിക്കുമെന്നും ഇവര്‍ വിദ്യാര്‍ഥിനികളോട് പറഞ്ഞു.

അതേസമയം താന്‍ ഇത്തരത്തില്‍ ലൈംഗികവൃത്തിയ്ക്ക് പ്രേരിപ്പിച്ച കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ വിദ്യാര്‍ഥിനികള്‍ക്കു തന്നെയാണ് നാണക്കേടെന്നും വേറേയാരെങ്കിലും അറിഞ്ഞാല്‍ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും നിര്‍മല ദേവി കുട്ടികളോട് പറഞ്ഞതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.

ഇതേത്തുടര്‍ന്ന് ചെന്നൈയുടെ വിവിധഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുകയാണ്.