ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഒരുകാലത്തും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. കശ്മീര്‍ പ്രശ്‌നം സംബന്ധിച്ച സെമിനാറില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ ഇക്കാര്യം അംഗീകരിച്ചതാണെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് മോചനം നേടിയ ഇന്ത്യ കൊളോണിയല്‍ ശക്തിയായി മാറിയെന്നും അവര്‍ പറഞ്ഞു. രാജകീയ കൊളോണിയലിസം കോര്‍പറേറ്റ് കൊളോണിയലിസമായെന്ന് മാത്രമേ ഉള്ളൂവെന്നും അവര്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ മേഖലകളില്‍ എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ കശ്മീരികളെ സൈന്യത്തിലും അര്‍ധസേനയിലും റിക്രൂട്ട് ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു. സെമിനാറില്‍ ഗൗതം നവ്‌ലാഖ, ആഷിം റോയ്, നജീബ് മുബ്ര്‍കി, പര്‍വേസ് ബുഖാരി, സഞ്ജയ് കക് സംസാരിച്ചു. കഴിഞ്ഞ 20 വര്‍ഷത്തെ കശ്മീരിന്റെ അവസ്ഥ വ്യക്തമാക്കുന്ന ഡോക്യൂമെന്ററി കക് പുറത്തിറക്കി.