ന്യൂദല്‍ഹി: മാവോവാദികള്‍ ഉയര്‍ത്തുന്നത് രാഷ്ട്രീയ പ്രശ്‌നമാണെന്നും അത് സൈനിക ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തുകയല്ല വേണ്ടതെന്നും പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ രാജ്യത്ത് നടക്കുന്ന മാവോയിസ്റ്റ് വേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണം.

ആദിവാസികളുടേയും പട്ടിണിക്കാരായ ഗ്രാമീണരുടേയും പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് മാവോയിസമാണെങ്കില്‍ ഞാനും മാവോയിസ്റ്റാണെന്ന് അരുന്ധതി വ്യക്തമാക്കി. മാവോയിസ്റ്റുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുളളതുകൊണ്ടാണ് അവര്‍ ശക്തിപ്രാപിക്കുന്നത്. ആദിവാസികളെ ആക്രമിച്ച് മാവോവാദികളെ അമര്‍ച്ച ചെയ്യാന്‍ കഴിയില്ല. പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി കച്ചവടം നടത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെയാണ് പലയിടത്തും മുന്നേറ്റങ്ങള്‍ നടക്കുന്നത്.

രാഷ്ട്രീയപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പട്ടാളത്തെ ഉപയോഗിക്കുന്ന രീതി മുമ്പുമുണ്ടായിട്ടുണ്ട്. മാവോവാദികളെ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. എന്നാല്‍ സര്‍ക്കാര്‍ സൈനിക ശക്തി ഉപയോഗിക്കുന്നതിനനുസരിച്ച് മാവോവാദികള്‍ ശക്തിപ്രാപിക്കുകയേ ഉള്ളൂ.

കര്‍ണാടക, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ എന്നിവിടങ്ങളിലെല്ലാം എന്താണ് നടക്കുന്നതെന്ന് വ്യക്തമാണ്. മാവോയിസത്തെയും മാവോവാദികളെയും സര്‍ക്കാര്‍ നിര്‍വ്വചിക്കണം. അതേസമയം മാവോയിസ്റ്റ് വേട്ട നിര്‍ത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ തയ്യാറാക്കിയ കത്തില്‍ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എം പി കബീന്‍ സുമനും ഒപ്പിട്ടിട്ടുണ്ട്.