കൊച്ചി: അഭിഭാഷകരും ജഡ്ജുമാരും തമ്മില്‍ നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടില്‍പെട്ട്്് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ പാടെ തകര്‍ന്നിരിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരിയും സാമീഹ്യ പ്രവര്‍ത്തകയുമായ ഡോ.അരുന്ധതി റോയ്.

കോടതിമുറികളില്‍ നീതി തേടിയെത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇവിടെ നിന്നും ലഭിക്കുന്നത് സാമ്പത്തിക നഷ്ടവും, അപമാനവും മാത്രമാണ്. കോടതി മുറികളില്‍ നിന്നുതന്നെ ഇവര്‍ ശിക്ഷയുടെ ഭൂരിഭാഗവും ഏല്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അരുന്ധതി റോയ് ആരോപിച്ചു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ജുഡിഷ്യറിയ്ക്ക് പുറമെ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗവും, ഭരണരംഗത്തെ എല്ലാ മേഖലകളും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് വന്‍ ഭീഷണി ഉയര്‍ത്തും. കാശ്മീരിനെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തില്‍ ഒരു മാറ്റവും ഇല്ല. സമൂഹത്തിലെ സര്‍വ്വമേഖലകളില്‍ നിന്നും സ്ത്രീകളെ പിന്തള്ളാനുള്ള പ്രവണത ഇന്ന് കണ്ടുവരുന്നുണ്ട്. ഇത് അനുവദിച്ച് കൊടുക്കാന്‍ സാധിക്കുകയില്ല. സ്ത്രീ സ്വാതന്ത്ര്യം എല്ലാ മേഖലകളിലും നിര്‍ബന്ധമായും സംരക്ഷിക്കപ്പെടുക തന്നെ ചെയ്യണമെന്ന്്് അരുന്ധതി വ്യക്തമാക്കി.

പൊതു സ്ഥലത്ത്് യോഗങ്ങള്‍ നടത്തുന്നതിനെതിരെ വന്ന കോടതി ഉത്തരവിനോട് ഒട്ടും തന്നെ യോജിക്കുന്നില്ല. പൗരന്‍മാരുടെ മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിത്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിലൂടെ മാവോയിസ്റ്റുകളെ ഭരണകൂടം അടിച്ചമര്‍ത്തുകയാണ്. സമൂഹത്തിലെ അധസ്ഥിത വര്‍ഗ്ഗത്തിനിടയില്‍ ഇറങ്ങിച്ചെന്ന് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും സര്‍ക്കാരിന് സാധിക്കണമെന്ന് അരുന്ധതി അഭിപ്രായപ്പെട്ടു.