ഫെയ്‌സ് ടു ഫെയ്‌സ് / അരുന്ധതി റോയ്

ഇന്ത്യന്‍ മാധ്യമരംഗത്ത അവിശുദ്ധ ബന്ധങ്ങളുടെയും അപകടകരമായ അപച്യുതിയുടെയും ശബ്ദരേഖയായിരുന്നു നീരറാഡിയ- ബര്‍ഖ ദത്ത് ടാപ്പ്. മാധ്യമപ്രവര്‍ത്തകന് സമൂഹം നല്‍കിയ വലിയ ചുമതല കോര്‍പ്പറേറ്റ് കുത്തകകളുടെയും രാഷ്ട്രീയ മൂല്യച്യുതിയുടെയും മുന്നില്‍ അടിയറ വെച്ചതിന്റെ ശബ്ദമായിരുന്നു അതില്‍ കേട്ടത്. ന്യൂസ് റൂമില്‍ നിന്ന് ഉള്ളുലക്കുന്ന ചോദ്യങ്ങളുയര്‍ത്തിയ പലരും റാഡിയയെന്ന കോര്‍പറേറ്റ് ലോബിയിസ്റ്റുമായി വിനയാന്വിതയായി സംസാരിക്കുന്നത് നാം കേട്ടു.

ഇന്ത്യയില്‍ അടുത്ത കാലത്തായി ഭരണകൂടവും ചില മാധ്യമങ്ങളുടെ നടത്തുന്ന ഇടപെടലുകളെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് അരുന്ധതി റോയ്. നീരാറാഡിയ- ബര്‍ഖദത്ത് ടാപ്പിനെക്കുറിച്ച് അരുന്ധതി റോയ് ‘ഓപ്പണി’ലെ രാഹുല്‍ പണ്ഡിതയുമായി സംസാരിക്കുന്നു.


റാഡിയ ടേപ്പിനെക്കുറിച്ച് എപ്പോഴായിരുന്നു അറിഞ്ഞത്? എന്തായിരുന്നു ആദ്യ പ്രതികരണം?

ഒരു ഞെട്ടലുമുണ്ടായില്ല. മുഖ്യധാരാമാധ്യമങ്ങളെന്ന് അവകാശപ്പെടുന്ന ചിലരുടെ പ്രവൃത്തികള്‍ ആദ്യമേ സംശയത്തിനിട നല്‍കുന്നതായിരുന്നു. എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കൈകടത്തുന്ന എല്ലാ ശ്രമങ്ങളും-അത് വ്യക്തികളുടേയോ, സ്ഥാപനങ്ങളുടേയോ ഭാഗത്തുനിന്നുണ്ടായാലും- അനുവദിക്കാനാവില്ല. ഇതൊരു വലിയ അഴിമതിയുടെ തുടക്കം മാത്രമാണ്. ഇത്തരം അഴിമതികള്‍ ആഴത്തില്‍ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുകയാണ് ചെയ്യേണ്ടത്.

രണ്ടുവ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണംപോലും ചോര്‍ത്തിയിരിക്കുന്നു. ജനാധിപത്യമൂല്യങ്ങളും സ്വാതന്ത്ര്യവും രാഷ്ട്രം കര്‍ശനമായി നിരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നല്ലേ ഇതെല്ലാം വ്യക്തമാക്കുന്നത്?

വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന സ്ഥിതിയാണിത്. രാഷ്ട്രം കുത്തകവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ആദ്യകാലങ്ങളില്‍ പ്രകൃതിസ്വത്തുക്കളെയും അടിസ്ഥാസൗകര്യങ്ങളെയുമായിരുന്നു കുത്തകകള്‍ ലക്ഷ്യമിട്ടിരുന്നത്. ഇന്ന് സ്ഥിതി മാറി. ദേശീയനയരൂപീകരണത്തില്‍ വരെ ഇവര്‍ കൈകടത്താന്‍ തുടങ്ങിയിരിക്കുന്നു.

അനിയന്ത്രിതമായ പണത്തിന്റെ കുത്തൊഴുക്കില്‍ മന്ത്രിമാരും, അഭിഭാഷകരും, മാധ്യമപ്രവര്‍ത്തകരും, എല്ലാം ഒലിച്ചുപോയിരിക്കുന്നു. ഭരണസംവിധാനത്തിനും നീതിന്യായവ്യവസ്ഥക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതായിരിക്കുന്നു. ജനാധിപത്യം എന്നാല്‍ തിരഞ്ഞെടുപ്പു മാത്രമല്ലെന്ന് അധികാരികള്‍ മനസിലാക്കുന്നത് നന്നായിരിക്കും.

barkha dutt ndtv

റാഡിയ വിഷയത്തില്‍ മുഖ്യധാരാമാധ്യമങ്ങളെല്ലാം കുറ്റകരമായ മൗനം പാലിച്ചു. ഇതിനെ എങ്ങിനെ കാണുന്നു?

ഞാന്‍ നേരത്തേ പറഞ്ഞല്ലോ. ഇതൊന്നും എനിക്ക് അല്‍ഭുതമേ ആയിരുന്നില്ല. എന്തായാലും ടേപ്പ് വിവാദത്തോടെ ചിലരുടെയെല്ലാം മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു.

ഇന്ത്യന്‍ മാധ്യമശൃംഖല നിഷ്പക്ഷമാണെന്നു കരുതുന്നുവോ? പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളും-സ്വകാര്യ കമ്പനികളുമായുള്ള ബന്ധത്തെ എങ്ങിനെ കാണുന്നു?

ശരിക്കും ഇന്ത്യന്‍ മാധ്യമസമൂഹം എന്നാല്‍ മുഖ്യധാരാമാധ്യങ്ങള്‍ മാത്രമാണ് എന്നാണ് പൊതുവേയുള്ള ധാരണ. ഗ്രാമപ്രദേശങ്ങളിലും ചെറിയ നഗരങ്ങളിലും പ്രചരിക്കുന്ന പത്രങ്ങളൊന്നും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നേയില്ല. എന്നാല്‍ അങ്ങിനെയല്ല. നിരവധി ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളാണ് ഇന്ത്യന്‍ മാധ്യമസമൂഹത്തെ രൂപപ്പെടുത്തുന്നത്.

ഇനി ഇതിന്റെ സാമ്പത്തികവശം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു സ്വതന്ത്രകമ്പോള വ്യവസ്ഥയില്‍ പരസ്യങ്ങളില്ലാതെ വാര്‍ത്തകള്‍ക്ക് നിലനില്‍പ്പില്ല. ഇത്തരം കുത്തകകമ്പനികളില്ലെങ്കില്‍ മാധ്യസ്ഥാപനങ്ങള്‍ തന്നെ നിലനില്‍ക്കില്ല. ഇത്തരമൊരു സ്ഥിതിയില്‍ എങ്ങിനെയാണ് മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായൊരു നിലപാടെടുക്കുവാന്‍ കഴിയുക?

റാഡിയ ടേപ് വലിയൊരു അഴിമതിയുടെ മുകളിലെ ഭാഗം മാത്രമാണ്. നേരത്തേ പെയ്ഡ് ന്യൂസ് വിവാദമായിരുന്നു ചര്‍ച്ചാവിഷയം. എന്നിട്ടെന്തായി? പ്രസ്‌കൗണ്‍സില്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്‌പോലും വെളിച്ചംകണ്ടില്ല. പിന്നീട് തങ്ങളുടേതായ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നല്‍കുന്ന പ്രവണത തുടങ്ങി. ഏറ്റവും ഒടുവില്‍ മാധ്യമസ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളും തമ്മില്‍ കൈകോര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഭരണകൂടങ്ങളുടെ പിടിയാളുകളായി പ്രവര്‍ത്തിക്കുന്ന ചില മാധ്യങ്ങള്‍ വേറെയുമുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റേയും ഇന്റലിജന്‍സ് ഏജന്‍സികളുടേയും നിര്‍ദേശം അപ്പടി വിഴുങ്ങുന്ന ചില മാധ്യമങ്ങളുണ്ട്. കശ്മീര്‍, മാവോയിസം, മുസ്‌ലിം ഭീകരത എന്നീ വിഷയങ്ങളില്‍ ഇവര്‍ അധികാരികളുടെ വലംകൈയ്യായി പ്രവര്‍ത്തിക്കുന്നു.

പാര്‍ലമെന്റ് ആക്രമണസമയത്ത് എന്തെല്ലാം നുണകളായിരുന്നു മുഖ്യധാരാമാധ്യമങ്ങള്‍ പറഞ്ഞുപരത്തിയത്. ഇഫ്തികര്‍ ഗിലാനിയുടെ കാര്യത്തിലും ഇതായിരുന്നു സംഭവിച്ചത്. എന്നിട്ടെന്തായി? നുണ പ്രചരിപ്പിച്ചതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ജോലി നഷ്ടമായോ? ഇല്ല. ഹിന്ദുസ്ഥാന്‍ ടൈംസിലെ നീതാ ശര്‍മയെ എന്‍.ഡി.ടി വിയിലേക്ക് മാറ്റി. സുപ്രീം കോടതി അസാധുവെന്ന് കണ്ടെത്തിയ അഫ്‌സല്‍ ഗുരുവിന്റെ കുറ്റസമ്മതംപോലും ടി വിയിലൂടെ പുന:സംപ്രേഷണം ചെയ്തു.

ദല്‍ഹിയില്‍ നടന്ന സെമിനാറിനിടെ ഞാന്‍ നടത്തിയ ചില പ്രസ്താവനകള്‍ ‘പയനിയര്‍’ വ്യത്യസ്തമായ രീതിയിലാണ് നല്‍കിയത്. കശ്മീര്‍ ഇന്ത്യയില്‍ നിന്നും വിട്ടുനില്‍ക്കണം എന്ന് അരുന്ധതി പറഞ്ഞു എന്ന രീതിയിലായിരുന്നു അവര്‍ വാര്‍ത്തയെ സമീപിച്ചത്. ഒരു സംസ്ഥാനത്തിലെ ആളുകള്‍ തന്നെ അതേ സംസ്ഥാനത്തിലെ ആളുകളെ കോക്രി കാട്ടുന്ന അവസ്ഥയായിരുന്നു കശ്മീരില്‍ കണ്ടത്.

എന്നാല്‍ ഞാന്‍ വിശദീകരണം നല്‍കിയിട്ടും ഫലമൊന്നുമുണ്ടായില്ല. ഒരു തീവ്രവാദിയെക്കാളും അപകടകാരിയായിട്ട് എന്നെ ചിത്രീകരിക്കാനാണ് ശ്രമം നടന്നത്. അരുന്ധതി റോയ് ആദിവാസി ഭൂമി കൈയ്യേറിയതിനെക്കുറിച്ചായി പിന്നീടുള്ള വിവാദം. റാഡിയ വിവാദത്തില്‍ ചിലരെ വിശുദ്ധരാക്കിയ മാധ്യമങ്ങള്‍ തന്നെയാണ് ഈ വിഷയത്തില്‍ എന്നെ പ്രതിസ്ഥാനത്തു നിര്‍ത്തിയത്. ശരിക്കും മാധ്യമങ്ങള്‍ക്ക് ആരോടും പ്രതിബന്ധത ഇല്ലെന്ന അവസ്ഥയായി. കലിയടങ്ങാത്ത ആള്‍ക്കൂട്ടത്തെപ്പോലെയാണ് ഇന്ന് മുഖ്യധാരാമാധ്യമങ്ങള്‍.

റാഡിയ വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ള രണ്ടുമാധ്യമപ്രവര്‍ത്തകര്‍ (ബര്‍ക്ക ദത്തും വീര്‍ സാംഗ്വിയും) തങ്ങളുടെ നടപടിയെ ന്യായീകരിക്കാന്‍ ശ്രമിച്ചതിനെ എങ്ങിനെ കാണുന്നു?

ഇതിനെക്കുറിച്ച് അധികം പറയാനില്ല. അവരുടെ നിലപാട് അവര്‍ക്കുതന്നെ വിനയായി.

ഇത്തരം നാടകങ്ങളിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ അകന്നു എന്നു കരുതുന്നുണ്ടോ?

തീര്‍ച്ചയായും. മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകളുടെ അംബാസിഡര്‍മാരാകുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളാണ് പരിഹരിക്കാതെ പോകുന്നത്. അംബാനിക്കും ടാറ്റക്കും വേണ്ടി വാര്‍ത്ത നല്‍കാന്‍ അവര്‍ മല്‍സരിക്കുമ്പോള്‍ സാധാരണക്കാരന് മുമ്പില്‍ വഴികളടയുന്നു. എന്നാല്‍ എല്ലാവര്‍ക്കും എല്ലാകാലവും എല്ലാവരേയും പറ്റിക്കാനാവില്ലല്ലോ. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. അവര്‍ എല്ലാം മനസിലാക്കുന്നുണ്ട്.

പട്ടിണി, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ് എന്നീ പ്രശ്‌നങ്ങള്‍ ഒരു വിഷയമേ അല്ലാതായി. സെന്‍സേഷന്‍ ആയ, മസാല കലര്‍ന്ന വാര്‍ത്തകളുടെ പിന്നാലെയാണ് മാധ്യമങ്ങള്‍. ഇരുപതുരൂപയില്‍ താഴെ വരുമാനമുള്ള 800 മില്യണ്‍ വരുന്ന പൗരന്‍മാര്‍ മാധ്യമങ്ങള്‍ക്ക് ഒരു വിഷയമേ അല്ല.

ഇത്തരം മാധ്യമസ്ഥാപനങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ?

ഇതില്‍കൂടുതലൊന്നും പറയാനില്ല.

പരിഭാഷ: സുരാജ് പി.വി.