കമെന്റ്‌സ് / അരുന്ധതി റോയ്

കാശ്മീരിനെക്കുറിച്ചുള്ള എന്റെ പ്രസംഗത്തിന്റെ പേരില്‍ എനിക്കെതിരെ കേസെടുക്കുകയാണെങ്കില്‍ അതിനൊപ്പം ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും കേസെടുക്കണം. കാശ്മീരിനെ സംബന്ധിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് നെഹ്‌റു പറഞ്ഞത്. നെഹ്‌റുവിന്റെ ഏതാനും ഉദ്ധരണികള്‍ ഈ ലേഖനത്തോടൊപ്പം ചേര്‍ക്കുന്നു.

1.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്ക്ക് നെഹ്‌റു അയച്ച കമ്പി സന്ദേശത്തില്‍ അദ്ദേഹം പറയുന്നു: ‘ ഈ അടിയന്തിയ ഘട്ടത്തില്‍ കാശ്മീരിന് സഹായം നല്‍കുന്നതിലൂടെ സംസ്ഥാനം ഇന്ത്യയുടെ ഭാഗമാകുന്നതിനെ സ്വാധീനിക്കാനാവില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രശ്‌നബാധിതമായ ഒരു പ്രദേശത്തെയോ, സംസ്ഥാനത്തെയോ കൂട്ടിച്ചേര്‍ക്കുന്നത് അവിടുത്തെ ജനങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ചായിരിക്കണമെന്ന ഞങ്ങളുടെ കാഴ്ചപ്പാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. ( 1947 ഒക്ടോബര്‍ 27നാണ് നെഹ്‌റു പാക് പ്രധാനമന്ത്രിക്ക് ഈ കമ്പി സന്ദേശം അയച്ചത്. ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയേയും അദ്ദേഹം അറിയിക്കുന്നുണ്ട്.)

2. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്ക്ക് അയച്ച മറ്റൊരു സന്ദേശത്തില്‍ നെഹ്‌റു പറയുന്നു: ‘ പാക്കിസ്ഥാനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത് മഹാരാജ ഭരണകൂടത്തിന്റെ അപേക്ഷ പ്രകാരമാണ്. ജനകീയ സംഘടനകളുടെ പ്രതിനിധികളും മുസ് ലീങ്ങള്‍ക്ക് സ്വാധീനമുള്ള ജനകീയ സംഘടനകളുടെ പ്രതിനിധികളുടേയും നിര്‍ദേശ പ്രകാരമായിരുന്നു അത്. സമാധാനം പുനസ്ഥാപിച്ചു കഴിഞ്ഞയുടന്‍ എവിടെ കൂട്ടിച്ചേര്‍ക്കപ്പെടണമെന്ന കാര്യത്തില്‍ കാശ്മീരിലെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും അപ്പോള്‍ അംഗീകരിച്ചതാണ്. എവിടെ കൂടിച്ചേരണമെന്നത് അവര്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം. (കമ്പിസന്ദേശം: നമ്പര്‍ 255, ഒക്ടോബര്‍. 31. 1947)

3. 1947 നവംബര്‍ ഒന്നാം തീയതി ആകാശവാണിയിലൂടെ നെഹ്‌റു പറഞ്ഞു, ‘ജനങ്ങള്‍ക്ക് പൂര്‍ണ അവസരം നല്‍കാതെ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ആകാംക്ഷ ഞങ്ങള്‍ക്കില്ല. ജനങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കും. കാശ്മീരിന്റെ കൂട്ടിച്ചേര്‍ക്കലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ അവിടുത്തെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനാണ് ഞങ്ങളുടെ നയം’.

4. 1947 നവംബര്‍ മൂന്നിന് മറ്റൊരു ആകാശവാണി പ്രക്ഷേപണത്തില്‍ നെഹ്‌റു പറഞ്ഞു, ‘കാശ്മീരിന്റെ വിധി കാശ്മീരി ജനതയുടെ തീരുമാനത്തിനനുസരിച്ചായിരിക്കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ വാഗ്ദാനം കാശ്മീരിലെ ജനങ്ങള്‍ക്കു മാത്രമല്ല ലോകത്തിനു തന്നെയാണ് ഞങ്ങള്‍ നല്‍കുന്നത്. ഈ വാഗ്ദാനത്തില്‍ നിന്നും ഞങ്ങള്‍ ഒരിക്കലും പിന്‍മാറില്ല’.

5. 1947 നവംബര്‍ 21ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ നെഹ്‌റു പറയുന്നു, സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞാലുടന്‍ കാശ്മീരിന്റെ ലയനകാര്യത്തില്‍ ജനഹിത പരിശോധന നടത്തുമെന്ന് ഞാന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. ഐക്യരാഷ്ട്ര സംഘടനപോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെയായിരിക്കും ഇത്.

6. 1947 നവംബര്‍ 25 ന് നടന്ന ഇന്ത്യന്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടത്തിയ പ്രസംഗത്തില്‍ നെഹ്‌റു പറയുന്നു, ‘സ്വന്തം ഭാവിയില്‍ തീരുമാനമെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കെ, അതില്‍ വിശ്വാസ്യത ഉറപ്പുവരുത്താന്‍ യു.എന്‍ പോലുള്ള സംഘടനകളുടെ സഹായം നേടേണ്ടതുണ്ട്. കാശ്മീരിലെ പ്രശ്‌നം പരിഹരിക്കേണ്ടത് ഹിംസയും അക്രമവും കൊണ്ടല്ല ജനഹിത പ്രകാരമാണ്’.

7. മാര്‍ച്ച് അഞ്ചിന് ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ നെഹ്‌റു പറയുന്നു, ‘കാശ്മീരിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ജനഹിത പരിശോധനയനുസരിച്ചായിരിക്കണമെന്ന് കാശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തപ്പോള്‍ നാം തീരുമാനിച്ചതാണ്. കാശ്മീര്‍ സര്‍ക്കാര്‍ ഉടന്‍ ജനസമ്മതി നേടണമെന്നും നമുക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഈ തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. കാശ്മീരിലെ ജനങ്ങളെടുക്കുന്ന അംഗീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്’.

8.
1951 ല്‍ ലണ്ടനില്‍ നടന്ന പത്രസമ്മേളനം സ്‌റ്റേറ്റ്‌സ്മാന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തതില്‍ നെഹ്‌റു ഇങ്ങനെ പറഞ്ഞതായി പറയുന്നു, ‘കാശ്മീര്‍ ജനതയ്ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ യു.എന്നുമായി സഹകരിച്ച് തീരുമാനമെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കാശ്മീര്‍ ജനതയുടെ ആഗ്രഹപ്രകാരമേ തീരുമാനമെടുക്കൂ എന്ന് ഞങ്ങള്‍ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. യു.എന്‍ നിലവില്‍ വന്നതുമുതല്‍ ഞങ്ങളുടെ തീരുമാനം ഇതുതന്നെയാണ്. കാശ്മീരിനെ സംബന്ധിച്ച അന്തിമ തീരുമാനം കാശ്മീര്‍ ജനത തന്നെയെടുക്കേണ്ടതാണ്. ഇത് ആദ്യം കാശ്മീര്‍ ജനതയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്. രണ്ടാമതായി ഇന്ത്യയും പാക്കിസ്ഥാനുമായി ധാരണയാവേണ്ടതാണ്. ഞങ്ങളൊരുമിച്ച് ഒട്ടേറെക്കാര്യങ്ങളില്‍ ധാരണയായിട്ടുണ്ടെന്നത് ശരിതന്നെ. അടിസ്ഥാന പ്രതിസന്ധകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. ബാഹ്യമായും ആന്തരികമായും കാശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് കാശ്മീര്‍ ജനത തന്നെയാവണമെന്നതാണ് ഞങ്ങളുടെ തീരുമാനം. കാശ്മീരിലെ ജനങ്ങളുടെ താല്‍പര്യത്തിനെതിരായി ഒരു രാജ്യത്തിനും കാശ്മീരിനെ അധീനപ്പെടുത്താന്‍ ഞങ്ങളനുവദിക്കില്ല’.

9. 1951 ജൂലൈ ആറിന് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നെഹ്‌റുപറഞ്ഞകാര്യം സ്‌റ്റേറ്റ്‌സ്മാന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ‘കാശ്മീര്‍ ഇന്ത്യയ്‌ക്കോ പാക്കിസ്ഥാനോ സമ്മാനമായി ലഭിച്ചതാണെന്ന തെറ്റിദ്ധാരണ മനസ്സില്‍ കൊണ്ടുനടക്കുന്നവരുണ്ട്. വില്‍പ്പനയ്‌ക്കോ കൈമാറ്റത്തിനോ വച്ച ഉല്പന്നമല്ല കാശ്മീരെന്ന കാര്യം ജനങ്ങള്‍ വിസ്മരിച്ചു എന്നു തോന്നുന്നു. അതിന് അതിന്റേതായ നിലനില്പുണ്ട്. അതിന്റെ ഭാവിയെക്കുറിച്ച് പറയേണ്ടത് അവിടുത്തെ ജനങ്ങള്‍ തന്നെയാണ്. ഇന്നിവിടെ ഒരു പോരാട്ടത്തിന് ഫലം കാണുകയാണ്. അത് ജനങ്ങളുടെ മനസ്സിലാണ്, യുദ്ധഭൂമിയിലല്ല’.

1o. 1951 സെപ്റ്റംബര്‍ 11ന് യു.എന്‍ പ്രതിനിധിക്കയച്ച കത്തില്‍ നെഹ്‌റുപറയുന്നു, ‘ജമ്മുകാശ്മീര്‍ ഇന്ത്യയില്‍ തുടരുന്ന കാര്യത്തില്‍ ജനാധിപത്യപരമായി സ്വാതന്ത്ര്യവും നിഷ്പക്ഷവുമായ ജനഹിത പരിശോധനയിലൂടെ തീരുമാനിക്കണമെന്ന നിലപാടില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഉറച്ചുനില്‍ക്കുന്നു. യു.എന്നിന്റെ ആഭ്യമുഖ്യത്തിലാകണം ഇത്. അത്തരം ഒരു സാഹചര്യം എത്രയും പെട്ടെന്ന് ഒരുക്കേണ്ടുതുണ്ട്’.

11 കാശ്മീരിന്റെ മൂന്നിലൊന്നു പ്രദേശം ഇപ്പോഴും പാക്കിസ്ഥാന്‍ കൈയടക്കിവെച്ചിരിക്കുന്ന പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് പാര്‍ലമെന്റില്‍ ഡോ. മുഖര്‍ജി ഉന്നയിച്ച ചോദ്യത്തിന് പണ്ഡിറ്റ് നെഹ്‌റു നല്‍കിയ മറുപടി 1952 ജനുവരി രണ്ടിന് കല്‍ക്കത്തയിലെ അമൃത ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരമാണ്. ‘ഇത് ഇന്ത്യയുടെ പാക്കിസ്ഥാന്റെയോ സ്വത്തല്ല. കാശ്മീര്‍ ജനതയുടെതാണ്. ജനഹിത പരിശോധനയുടെ വിധി നാം ആത്യന്തികമായി മുറുകെ പിടിക്കുമെന്ന് കാശ്മീര്‍ ഇന്ത്യയില്‍ ചേര്‍ത്തപ്പോള്‍ തന്നെ കാശ്മീരി നേതാക്കളോട് നാം വ്യക്തമാക്കിയതാണ്. അവര്‍ നമ്മളോട് പുറത്തുപോകാന്‍ പറഞ്ഞാല്‍ വിട്ടുപോകുന്നതില്‍ എനിക്ക് മടിയില്ല. ഇക്കാര്യം ഞങ്ങള്‍ യു.എന്നിന്റെ ശ്രദ്ധയില്‍ പെടുത്തുകയും സമാധാനം പുനസ്ഥാപിക്കാനുള്ള ഞങ്ങളുടെ ആഗ്രഹം അറിയിക്കുകയും ചെയ്തു’.

12 1952 ആഗസ്ത് ഏഴിന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നെഹ്‌റു പറഞ്ഞു,
‘കാശ്മീരിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടത്തെ ജനതയായിരിക്കണമെന്നത് അടിസ്ഥാനപരമായി നാം അംഗീകരിച്ചതാണെന്ന് ഞാന്‍ വ്യക്തമാക്കട്ടെ. പാര്‍ലമെന്റിന്റെ താല്‍പര്യം ഇക്കാര്യത്തില്‍ പ്രസക്തമല്ല. കാരണം കാശ്മീര്‍ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ ശക്തിയില്ല. എന്നാല്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് പാര്‍ലിമെന്റ് മുറുകെ പിടിക്കുന്ന ആദര്‍ശങ്ങള്‍ക്ക് എതിരായിരിക്കും. നമ്മുടെ മനസ്സിലും ഹൃദയത്തിലും കാശ്മീര്‍ ഊഷ്മള വികാരമാണ്. കാശ്മീര്‍ ജനത ഇന്ത്യ വിടണമെന്നാഗ്രഹിച്ചാല്‍ അത് ഇന്ത്യക്കാര്‍ക്ക് വേദനയുണ്ടാക്കുമെന്നത് യാഥാര്‍ത്ഥമാണ്. കാശ്മീര്‍ ജനത നമുക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരെ പോകാനനുവദിക്കണം. അവരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി നാം അവരെ പിടിച്ചു നിര്‍ത്തുന്നത് ധാര്‍മികതയ്ക്ക് യോജിച്ചതല്ല. ഈ അഞ്ചുവര്‍ഷത്തിനിടയ്ക്ക് കാശ്മീരിനുവേണ്ടി നാം ഒരു പാട് പണം ചിലവാക്കിയിട്ടുണ്ടാകാം. എന്നാലും ജനങ്ങള്‍ ഇവിടെനിന്നും പോകാന്‍ ആഗ്രഹിച്ചാല്‍ നാം അതിന് അനുവദിക്കണം’.

13 1955 മാര്‍ച്ച് 31 ന് ലോക് സഭയില്‍ നെഹ്‌റു പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു,
‘ഇന്ത്യയ്ക്കും പാക്കസ്ഥാനുമിടയ്ക്കുള്ള ഗുരുതരമായ പ്രശ്‌നം ഒരു പക്ഷേ കാശ്മീരായിരിക്കാം. ഇന്ത്യയ്ക്കും പാക്കിസ്താനുമായി തട്ടിക്കളിക്കാനുള്ള സാധനമല്ല കാശ്മീര്‍. അതിന് അതിന്റേതായ ഒരു ആത്മാവുണ്ട്. വ്യക്തിത്വമുണ്ട്’.

14 1957ല്‍ യു.എന്‍ രക്ഷാസമിതിയുടെ 765ാം യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി വി.കെ കൃഷ്ണമേനോന്‍ പറയുന്നു,
‘അന്താരാഷ്ട്ര ചുമതലകള്‍ മാനിക്കില്ലെന്ന് വ്യാഖ്യാനിക്കാവുന്ന ഒന്നും തന്നെ ഈ സമിതിക്കുള്ളിലെ എന്റെ പ്രസ്താവനയില്‍ ഇല്ല. ഭാരത സര്‍ക്കാറിനുവേണ്ടി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കട്ടെ. ഭാരത സര്‍ക്കാര്‍ ഏറ്റെടുത്ത ഒരു അന്താരാഷ്ട്ര പ്രതിബദ്ധതയെയും മാനിക്കാതിരിക്കുന്ന പ്രശ്‌നമില്ല’,

പരിഭാഷ: ജിന്‍സി ബാലകൃഷ്ണന്‍

(കടപ്പാട്: ഹിന്ദു ദിനപ്പത്രം. നവംബര്‍ 28)

കാശ്മീര്‍ സ്വയംഭരണാവകാശം മന്‍മോഹന്‍സിങ്ങിന്റെ കണ്ടുപിടുത്തമല്ല: തരിഗാമി