ഭോപ്പാല്‍: വനഭൂമി കൈയ്യേറിയെന്ന ആരോപണത്തില്‍ എഴുത്തുകാരി അരുന്ധതി റോയിയുടെ ഭര്‍ത്താവ് പ്രദീപ് കിഷന്റെ ബംഗ്ലാവ് പൊളിച്ചേക്കുമെന്ന് സൂചന. അനധികൃതമായല്ല ബംഗ്ലാവ് നിര്‍മ്മിച്ചതെന്ന കിഷന്റെ ഹരജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിട്ടുണ്ട്.

വിനോദസഞ്ചാര കേന്ദ്രമായ പഞ്ച്മാര്‍ഹിലെ ബിരിയാം ഗ്രാമത്തിലെ വനമേഖലയിലാണ് ബംഗ്ലാവ്. വനഭൂമി കൈയ്യേറിയാണോ ബംഗ്ലാവ് നിര്‍മ്മിച്ചത് എന്ന കാര്യം ജില്ലാ ഭരണകൂടമാണ് ഇനി നിശ്ചയിക്കേണ്ടത്. കാര്യങ്ങള്‍ അനുകൂലമായില്ലെങ്കില്‍ ബംഗ്ലാവ് ഇടിച്ചുനിരത്തേണ്ടി വരും.

അതിനിടെ താന്‍ ഒരുതരത്തിലുള്ള കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നും ജില്ലാ അധികൃതര്‍ക്കുമുമ്പില്‍ താന്‍ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും കിഷന്‍ പറഞ്ഞു. ഡോക്യുമെന്ററി സംവിധായകനായ കിഷന്‍ അറിയപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തകന്‍ കൂടിയാണ്.