കൊല്‍ക്കത്ത: പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ ഭര്‍ത്താവ് പ്രദീപ് കിഷന്‍ നിര്‍മ്മിച്ച വസതി നിയമവിരുദ്ധമെന്ന് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി. വസതി നിര്‍മ്മിച്ചത് ആദിവാസികളുടെ സ്ഥലം കൈയ്യേറിയാണെന്ന റവന്യൂകോടതിയുടെ വിധി മജിസ്‌ട്രേറ്റ് കോടതി ശരിവയ്ക്കുകയായിരുന്നു.

വനഭൂമി കൈയ്യേറിയെന്ന ആരോപണമാണ് പ്രദീപ് കിഷന്റെ പേരിലുള്ളത്. പുതിയ വിധിയോടെ ബംഗ്ലാവ് പൊളിച്ചേക്കുമെന്നാണ് സൂചന. അനധികൃതമായല്ല ബംഗ്ലാവ് നിര്‍മ്മിച്ചതെന്ന കിഷന്റെ ഹരജി മധ്യപ്രദേശ് ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.

വിനോദസഞ്ചാര കേന്ദ്രമായ പഞ്ച്മാര്‍ഹിലെ ബിരിയാം ഗ്രാമത്തിലെ വനമേഖലയിലാണ് ബംഗ്ലാവ്. കാര്യങ്ങള്‍ അനുകൂലമായില്ലെങ്കില്‍ ബംഗ്ലാവ് ഇടിച്ചുനിരത്തേണ്ടി വരും.

അതിനിടെ താന്‍ ഒരുതരത്തിലുള്ള കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നും ജില്ലാ അധികൃതര്‍ക്കുമുമ്പില്‍ താന്‍ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും കിഷന്‍ പറഞ്ഞു. ഡോക്യുമെന്ററി സംവിധായകനായ കിഷന്‍ അറിയപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തകന്‍ കൂടിയാണ്.