കാശ്മീര്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അരുന്ധതി റോയി നടത്തിയ പ്രസ്താവന വിവാദമായിരിക്കയാണ്. കാശ്മീരിനെക്കുറിച്ച് അവര്‍ പറഞ്ഞതില്‍ രാജ്യദ്രോഹമുണ്ടെങ്കില്‍ സര്‍ക്കാറിന് കേസെടുക്കാവുന്നതാണ്. അതിന് പകരം ക്രിമിനലുകളെ അഴിച്ചുവിട്ടുള്ള ഈ കളി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

അരുന്ധതി റോയി ചെയ്യുന്നത് രാജ്യദ്രോഹമാണെങ്കില്‍ അവര്‍ക്കെതിരെ നടത്തിയ ആക്രമണം അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശത്തിനെതിരെയുള്ള ആക്രമണമെന്ന നിലയില്‍ രാജ്യദ്രോഹമാണ്. ഇനി ഇത്തരം പ്രസ്താവന നടത്താന്‍ ഭരണഘടന അവര്‍ക്ക് അവകാശം നല്‍കുന്നില്ലെന്നാണ് പറയുന്നതെങ്കില്‍ കൂടി അക്രമം നടത്തുന്നതിന് എന്ത് ന്യായം.

കാശ്മീരിനെക്കുറിച്ച് അരുന്ധതി പറഞ്ഞത് തെറ്റാണോ, ശരിയാണോ എന്നതല്ല കാര്യം. അരുന്ധതിയുടെ അഭിപ്രായം അവര്‍ രേഖപ്പെടുത്തി എന്നേയുള്ളൂ. അതിനെതിരെ നടപടിയെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ നടപടിയെടുക്കേണ്ടെന്ന് തീരുമാനിച്ചതാണ്. പിന്നെ അരുന്ധതിയുടെ വീട് ആക്രമിച്ചതിനു പിന്നിലെ ന്യായമെന്താണ്.

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ജനവികാരമാണെങ്കില്‍ അത് തീര്‍ക്കേണ്ടത് ഇങ്ങനെയായിരുന്നില്ല. അരുന്ധതി പറഞ്ഞതിനു പിന്നാലെ അവരുടെ പിറകേ ആയുധങ്ങളുമായി ചെന്നവര്‍ അവര്‍ പറഞ്ഞതിനെ കുറിച്ച് ഒന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും. കടിച്ചു കീറാനെന്ന പോലെ ഡി.എസ്.എന്‍.ജി വാനുകളുമായി അരുന്ധതിയുടെ വീടിനു പുറത്തു കാവല്‍ നിന്നവരുണ്ടല്ലോ? അരുന്ധതി ചെയ്തത് തെറ്റായിരുന്നെങ്കില്‍ അത് പ്രചരിപ്പിച്ചതിലൂടെ മാധ്യമങ്ങള്‍ അതിലും വലിയ തെറ്റല്ലേ ചെയ്തത്.