ന്യൂദല്‍ഹി: അടുത്തിടെ അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ച തന്റെ നടപടിയെ വിമര്‍ശിച്ച ചൈനയ്‌ക്കെതിരെ പ്രതിരോധമന്ത്രി എ.കെ ആന്റണി രംഗത്ത്. എതിര്‍ത്ത ചൈനയുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇതു സംബന്ധിച്ച് ചൈന നടത്തിയ പരാമര്‍ശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ആന്റണി പറഞ്ഞു.

അതിര്‍ത്തി പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്ന തരത്തിലുള്ള നടപടികളില്‍ നിന്ന് ഇന്ത്യ ഒഴിഞ്ഞു നില്‍ക്കണമെന്നായിരുന്നു ചൈനയുടെ പരാമര്‍ശം.
ജമ്മു കാശ്മീര്‍ പോലെ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അരുണാചല്‍ പ്രദേശ്. പ്രതിരോധമന്ത്രിയെന്ന നിലയില്‍ ആ പ്രദേശം സന്ദര്‍ശിക്കാനുള്ള അവകാശവും കടമയും തനിക്കുണ്ടെന്ന് ആന്റണി വ്യക്തമാക്കി.

Subscribe Us:

1984ല്‍ മുതല്‍ താന്‍ അരുണാചല്‍ സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ സന്ദര്‍ശനം അരുണാചല്‍ രൂപീകരിച്ചതിന്റെ 25-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടായിരുന്നുവെന്നതിനാല്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും  ആന്റണി പറഞ്ഞു.

ഇന്ത്യ ആണവ മുങ്ങിക്കപ്പലുകള്‍ സ്വന്തമാക്കുന്നതില്‍ പാകിസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തിന് രാജ്യസുരക്ഷയ്ക്ക് വേണ്ടിയാണ് ഇന്ത്യ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതെന്നും മറ്റൊരു രാജ്യത്തെയും ആക്രമിക്കുകയെന്ന ലക്ഷ്യം ഇന്ത്യയ്ക്കില്ലെന്നും ആന്റണി വ്യക്തമാക്കി.

Malayalam News

Kerala News In English