ന്യൂദല്‍ഹി: വ്യക്തികളുടെ സ്വകാര്യതക്ക് മേല്‍ കടന്നു കയറുന്നതും ന്യൂനപക്ഷങ്ങളെ ഉന്നം വെക്കുകയും ചെയ്യുന്ന അപകടകരമായ സംവിധാനമാണ് ‘ആധാര്‍’ പദ്ധതി എന്ന് ദേശീയ ഉപദേശക കൗണ്‍സില്‍ അംഗവും മഗ്‌സസെ അവാര്‍ഡ് ജേതാവുമായ അരുണാ റോയ്. ദേശീയ രഹസ്യാന്വേഷണ ഡാറ്റാ സംവിധാനവുമായി (നാറ്റ്ഗ്രിഡ്) സംയോജിപ്പിക്കുകയാണ് യു.ഐ.ഡിയുടെ യഥാര്‍ഥ ലക്ഷ്യമെന്നും അവര്‍ വിശദമാക്കി.

ഓരോ പൗരന്റെയും വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് ദേശീയ തലത്തില്‍ സര്‍ക്കാര്‍ സൂക്ഷിക്കുന്നത് ഉചിതമാണോ എന്ന കാര്യത്തെക്കുറിച്ച് രാഷ്ട്രീയ ചര്‍ച്ച നടക്കണം.
യു.ഐ.ഡി പദ്ധതി എന്ന ആധാര്‍ ന്യൂനപക്ഷങ്ങളും മറ്റും ബഹിഷ്‌ക്കരിക്കാത്തത് തന്നെ ഞെട്ടിക്കുന്നു. എല്ലാ വിവരങ്ങളും ലഭ്യമാക്കണമെന്ന് ജനങ്ങളെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാറിന് എങ്ങനെ കഴിയുമെന്ന് അരുണാ റോയ് ചോദിക്കുന്നു.

Subscribe Us:

പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കി വ്യക്തികളുടെ വിവരങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ദേശീയ തലത്തില്‍ ക്രോഡീകരിക്കുന്നതാണ് ‘ആധാര്‍’ പദ്ധതി.

സ്വകാര്യ താല്‍പര്യങ്ങളും യു.ഐ.ഡിക്കു പിന്നിലുണ്ട്. യു.ഐ.ഡി നിയമം വരുന്നതിനു മുമ്പു തന്നെ പദ്ധതി നടപ്പാക്കുന്നതിന് പല ധാരണാപത്രങ്ങളും സര്‍ക്കാര്‍ ഒപ്പുവെച്ചു കഴിഞ്ഞിരിക്കുന്നു. വ്യക്തമായ അജണ്ടയോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ടുനീക്കുന്നത് എന്നതിന് തെളിവാണത്. വിവിധ പദ്ധതിയുടെ ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നത് ആധാറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അരുണാ റോയ് വിശദീകരിക്കുന്നു.

ജനങ്ങള്‍ സമരം ചെയ്ത് നേടിയ വിവരാവകാശ നിയമം കാലികമായി ഭേദഗതി ചെയ്യണമെന്ന പ്രധാനമന്ത്രിയുടെയും അംബികാസോണിയുടെയും നിലപാടിനെയും അരുണാ റോയ് വിമര്‍ശിച്ചു.