തിരുവനന്തപുരം: അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും ആരോപിച്ചതിനും കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സനും ജയ്ഹിന്ദ് ടിവിക്കുമെതിരെ വി.എസ്.അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ മാനനഷ്ടത്തിന് വക്കീല്‍നോട്ടീസ് അയച്ചു. തനിക്കും തന്റെ പിതാവിനുമെതിരെ അപകീര്‍ത്തികരമായ ആരോപണമമുന്നയിച്ചുവെന്നാരോപിച്ച് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

കാസര്‍കോട്ടെ ചില സ്വകാര്യ ചന്ദനഫാക്ടറി ഉടമകളില്‍ നിന്ന് വി.എസിന് വേണ്ടി മകന്‍ അരുണ്‍കുമാര്‍ ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തയാണ് ജയ്ഹിന്ദ് ടിവി സംപ്രേഷണം ചെയ്തത്. ലോട്ടറി മാഫിയക്ക് അരുണ്‍കുമാറുമായി ബന്ധമുണ്ടെന്ന പ്രസ്താവന നടത്തിയതിനാണ് എം.എം.ഹസ്സനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് വി.എസ് അരുണ്‍കുമാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍ ഇടപെട്ടാണ് ലോട്ടറി കേസിലെ സിബിഐ അന്വേഷണം അട്ടിമറിച്ചതെന്ന് പ്രതിപക്ഷം നിയസഭയില്‍ ആരോപിക്കുകയായിരുന്നു. ചന്ദന ഫാക്ടറി ഉടമ അരുണ്‍കുമാറിനെതിരെ ജയ്ഹിന്ദ് ചാനലില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു. ലോട്ടറി വിഷയത്തില്‍ ആഭ്യന്തരമന്ത്രി അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് മറച്ചുവെച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ കേന്ദ്രസര്‍ക്കാരാണ് സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും ഭാര്യ നളിനി ചിദംബരവും ലോട്ടറിമാഫിയയ്ക്ക് വേണ്ടി വാദിക്കുന്നവരാണെന്നും മനു അഭിഷേക് സിംഗ്‌വി ലോട്ടറി മാഫിയയുടെ വക്താവാണെന്നും വി.എസ് ആരോപിച്ചു.അതേസമയം ഇടമലയാര്‍ കേസില്‍ തന്റെ ഓഫീസ് ആരേയും സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍ ആവശ്യപ്പെട്ടു. ലോട്ടറി മാഫിയയ്ക്ക് മകനുമായി ബന്ധമുണ്ടെന്ന ആരോപണം നിയമസഭയില്‍ വി.എസ് നിഷേധിച്ചിട്ടില്ല. ലോട്ടറി വിഷയത്തില്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത് ജനശ്രദ്ധ നേടാനായിരുന്നു. ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിച്ഛായ മാത്രം ലക്ഷ്യമിട്ടാണ്. ചന്ദന ഫാക്ടറി ഉടമ വി.എസ്സിന്റെ മകനെതിരെ നടത്തിയ ആരോപണം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.