ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനു പുറത്തും ബി.ജെ.പി പ്രക്ഷോഭം തുടരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മറ്റി രൂപീകരിക്കാന്‍ മടിയാണെങ്കില്‍ പ്രധാനമന്ത്രി രാജിവെച്ചൊഴിയണമെന്ന് ദല്‍ഹിയില്‍ നടന്ന റാലിക്കിടെ പാര്‍ട്ടി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.

രാംലീല മൈതാനത്തു നടന്ന എന്‍ ഡി എ റാലിക്കിടെയാണ് ജയ്റ്റ്‌ലി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. ജെ പി സിയ്ക്കു മാത്രമേ സ്‌പെക്ട്രം വിതരണത്തില്‍ നടന്ന അഴിമതി പുറത്തുകൊണ്ടുവരാനാകൂ. സമിതി രൂപീകരിക്കുന്നതിന് മടിയാണെങ്കില്‍ പ്രധാനമന്ത്രി രാജിവയ്ക്കുന്നതാകും നല്ലതെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

കേന്ദ്രമന്ത്രിസഭയില്‍ കോര്‍പ്പറേറ്റുകളാണ് ഭരണം നടത്തുന്നതെന്നും കുറ്റാരോപിതനായ പി ജെ തോമസിനെ കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. എന്നാല്‍ സെപ്കട്രം വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തനിക്കൊന്നും ഒളിക്കാനില്ലെന്നും പാര്‍ലമെന്റിന്റെ അക്കൗണ്ട്‌സ് സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.